കോഴിക്കോട്: (www.kvartha.com 18.12.2021) മലപ്പുറത്ത് ഒരാള്‍ക്ക് കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി റിപോര്‍ട്. ഈ മാസം 14ന് ശാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കേരളത്തിലെത്തിയ മംഗ്‌ളൂറിലുള്ള 36കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഇയാള്‍ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപോര്‍ട്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും സര്‍കാര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച വ്യക്തി നേരത്തെ ടാന്‍സാനിയ സന്ദര്‍ശിച്ചിരുന്നുവെന്ന് യാത്രാരേഖകള്‍ പരിശോധിച്ചതില്‍നിന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ശേഷം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവാകുകയും പിന്നീട് ഒമിക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു.
മലപ്പുറത്തും ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേരുകയാണ്. എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തിലും തീരുമാനം ഉടന്‍ ഉണ്ടാകും. രോഗം സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്ന എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചതായാണ് വിവരം.
അതേസമയം, വെള്ളിയാഴ്ച എറണാകുളത്ത് ദമ്പതികള്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. യുഎഇയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി കേരളത്തിലെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ പ്രാഥമിക സമ്പര്‍കപ്പട്ടികയില്‍ ഏഴോളം പേരുണ്ട്.
സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ അതീവജാഗ്രതയിലാണ് സംസ്ഥാന സര്‍കാര്‍. വിദേശത്ത് നിന്നെത്തുന്ന എല്ലാവരും 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ഹൈ റിസ്‌ക് പട്ടികയില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് അധികനിയന്ത്രണം. വിദേശത്തുനിന്ന് എത്തുന്നവരോട് സ്വയം നിരീക്ഷണത്തില്‍ കഴിയാനാണ് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
അതേസമയം, രാജ്യത്ത് നൂറിലധികം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് കേന്ദ്രസര്‍കാര്‍ നല്‍കിയിരിക്കുന്നത്. യുകെയിലെയും ഫ്രാന്‍സിലെയും രോഗവ്യാപന തോത് പരിശോധിച്ചാല്‍ രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം പ്രതിദിനം 14 ലക്ഷം വരെയായി ഉയരാമെന്നാണ് കേന്ദ്രസര്‍കാര്‍ കണക്കുകൂട്ടുന്നത്. ഒമിക്രോണ്‍ വകഭേദത്തിന് തീവ്ര വ്യാപനത്തോതുണ്ടെന്നും കേന്ദ്രസര്‍കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് 19 ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. വി കെ പോളാണ് മുന്നറിയിപ്പ് നല്‍കിയത്.
ഫ്രാന്‍സില്‍ നിലവില്‍ ഒരു ദിവസം 65,000 പോസിറ്റീവ് കേസുകള്‍ വരെയാണ് സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യം ഇന്‍ഡ്യയില്‍ ഉണ്ടായാല്‍ ജനസംഖ്യ പരിഗണിച്ചാല്‍ ഒരു ദിവസം 14 ലക്ഷം കേസുകള്‍ വരെയായി ഒമിക്രോണ്‍ ബാധ ഉയരാമെന്നാണ് കേന്ദ്ര വിദഗ്ധ സമിതികളുടെ നിഗമനം.