തിരുവനന്തപുരം: (www.kvartha.com 29.12.2021) മുഖ്യമന്ത്രി പിണറായി വിജയനും വാഹന വ്യൂഹത്തിനും ഇനി മുതല്‍ കറുത്ത ഇനോവകളായിരിക്കും അകമ്പടിക്കായി ഉപയോഗിക്കുക. ഇതിനായി നാല് പുതിയ ഇനോവകള്‍ പൊലീസ് വാങ്ങി എന്നാണ് റിപോര്‍ടുകള്‍. മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശയിലാണ് ഈ നിറം മാറ്റം.
മുഖ്യമന്ത്രിക്ക് പൈലറ്റും അകമ്പടിക്കുമായി പോകാനാണ് പുതിയ കാറുകള്‍ വാങ്ങിയത്. കാറുകള്‍ വാങ്ങാന്‍ പൊലീസിന് സ്‌പെഷ്യല്‍ ഫന്‍ഡ് അനുവദിച്ചിരുന്നു. സെപ്റ്റംബറില്‍ 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ടായിരുന്നു ഉത്തരവിറങ്ങിയത്. കറുപ്പ് നിറത്തിലുള്ള മൂന്ന് ഇനോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപോര്‍ടുകള്‍.
പുതിയ കാറുകള്‍ വരുന്നതോടെ നിലവില്‍ ഉപയോഗിക്കുന്നവയില്‍ രണ്ട് കാറുകള്‍ മാറ്റും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാലാണ് കാറുകള്‍ മാറ്റണം എന്നായിരുന്നു സര്‍കാരിനോട് പൊലീസ് മേധാവിയുടെ ശുപാര്‍ശ. കെഎല്‍ 01 സിഡി 4764, കെഎല്‍ 01 4857 എന്നീ രെജിസ്‌ട്രേഷന്‍ നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, പൈലറ്റ് എസ്‌കോര്‍ട് ഡ്യൂടികളില്‍ നിന്ന് ഒഴിവാക്കുന്നത്. ഇവയ്ക്ക് നാല് വര്‍ഷം പഴക്കമുണ്ട്.
പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകള്‍ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തതെന്നാണ് റിപോര്‍ടുകള്‍.