ചെന്നൈ: (www.kvartha.com 23.12.2021) മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയ്ക്ക് പരോള്‍ അനുവദിച്ച് തമിഴ്‌നാട് സര്‍കാര്‍. നളിനിയുടെ അമ്മ പദ്മ നല്‍കിയ ഹര്‍ജിക്ക് സര്‍കാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ വിവിധ രോഗങ്ങളാല്‍ വലയുകയാണെന്നും മകള്‍ കുറച്ചുകാലം അടുത്തുണ്ടാകണമെന്ന് ആഗ്രഹമുണ്ടെന്നും കാണിച്ചാണ് പദ്മ നേരത്തെ ഹര്‍ജി നല്‍കിയത്.
തുടര്‍ന്ന് ഒരു മാസത്തേക്ക് സാധാരണ പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂടര്‍ ഹസന്‍ മുഹ് മദ് ജിന്ന മദ്രാസ് ഹൈകോടതിയെ അറിയിച്ചു. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളില്‍ ഒരാളാണ് നളിനി.
വധക്കേസ് പ്രതികളുടെ മോചനത്തിന് വേണ്ടി തമിഴ്‌നാട് സര്‍കാര്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയ്ക്കാനായിരുന്നു തമിഴ്‌നാട് സര്‍കാറിന്റെ ശുപാര്‍ശ. എന്നാല്‍ മന്ത്രിസഭാ പ്രമേയം ഗവെര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു.
അതേ സമയം രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പേരറിവാളന്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അടുത്തമാസം സുപ്രീംകോടതി പരിഗണിക്കും.