അന്റാനനാരിവോ: (www.kvartha.com 22.12.2021) ഹെലികോപ്‌റ്റെര്‍ തകര്‍ന്ന് കടലില്‍ പതിച്ചിട്ടും ധൈര്യം കൈവിടാതെ മരണമുഖത്തുനിന്നും 12 മണിക്കൂര്‍ നീന്തി കരക്കെത്തി മഡഗാസ്‌കര്‍ മന്ത്രി സെര്‍ജ് ഗെലെ. കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ക്കുളളില്‍ അവിശ്വസനീയമായ സംഭവങ്ങളാണ് മഡഗാസ്‌കറിലെ ആഭ്യന്തരമന്ത്രിയായ സെര്‍ജ് ഗെലെയുടെ ജീവിതത്തില്‍ നടന്നത്.
ഗെലെ അടക്കം നാല് പേരുമായി പറന്നുയര്‍ന്ന കോപ്‌റ്റെര്‍ മഡഗാസ്‌കര്‍ ദ്വീപിലെ വടക്ക് കിഴക്ക് ഭാഗത്തെത്തിയതോടെ കടലില്‍ തകര്‍ന്നുവീണു. കോപ്‌റ്റെറില്‍ നിന്ന് താഴേക്ക് പതിച്ച സെര്‍ജ് ഗെലെ 12 മണിക്കൂറാണ് കടലില്‍ ജീവനുമായി പോരാടിയത്. ഒടുവില്‍ ജീവനോടെ തന്നെ കരയിലെത്തി.
ഒപ്പമുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും ഗെലെയ്‌ക്കൊപ്പം തീരത്തെത്തി. എന്നാല്‍ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തകര്‍ന്ന ഹെലികോപ്‌റ്റെറിന്റെ സീറ്റ് ഒഴുകാന്‍ സഹായമാകുന്ന തരത്തില്‍ ഉപയോഗിച്ചാണ് ഗെലെ നീന്തി രക്ഷപ്പെട്ടത്.
തനിക്ക് അല്‍പ്പം തണുപ്പ് തോനുന്നുണ്ടെന്നും എന്നാല്‍ പരിക്കുപറ്റിയിട്ടില്ലെന്നുമായിരുന്നു ഗെലെയുടെ അപകടത്തോടുള്ള പ്രതികരണം. എനിക്ക് മരിക്കാനുള്ള സമയം ഇതുവരെയും ആയിട്ടില്ല -57 കാരനായ ഗെലെ പറഞ്ഞു.
മഡഗാസ്‌കര്‍ കടലില്‍ ബോട് മറിഞ്ഞ് നിരവധിപേര്‍ മരിച്ചതിന് പിന്നാലെ സ്ഥലം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് ഹെലികോപ്‌റ്റെര്‍ തകര്‍ന്നത്. ബോട് അപകടത്തില്‍ 39 പേര്‍ മരിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.