പത്തനംതിട്ട: (www.kvartha.com 23.12.2021) ഈ പുതുവത്സരദിനം കളര്‍ഫുളാക്കാന്‍ കെഎസ്ആര്‍ടിസി അവസരം ഒരുക്കുന്നു. അറബിക്കടലില്‍ ആഡംബരക്കപ്പലായ ക്രൂയിസില്‍ അഞ്ചുമണിക്കൂര്‍ പുതുവത്സരം ആഘോഷിക്കാം. 4499 രൂപയുടെ ടികെറ്റ് എടുത്താല്‍ രണ്ട് പെഗ് മദ്യം നല്‍കുമെന്നും ഓഫെറുണ്ട്.
കൊച്ചി ബോള്‍ഗാടി ജെടിയില്‍നിന്നാണ് ഡിസംബര്‍ 31-ന് രാത്രി എട്ടിന് ഇതിലേക്ക് ആളുകളെ കൊണ്ടുപോകുന്നത്. ഒന്‍പത് മണിമുതല്‍ രണ്ടുവരെയാണ് പുതുവത്സര ആഘോഷങ്ങള്‍. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍നിന്ന് ആളുകളെ എസി ബസുകളില്‍ കൊണ്ടുപോയി തിരികെയെത്തിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
എത്തുന്നവര്‍ക്കായി വലിയരീതിയിലുള്ള ഒരുക്കങ്ങള്‍ ക്രൂയിസില്‍ ഉണ്ടാകും. ഡിസ്‌കോ, ലൈവ് വാടെര്‍ ഡ്രംസ്, പവര്‍ മ്യൂസിക് സിസ്റ്റത്തിന് ഒപ്പം വിഷ്വല്‍ ഇഫെക്ടുകള്‍, രസകരമായ ഗെയിമുകള്‍, തത്സമയസംഗീതം, നൃത്തം, ഓരോ ടികെറ്റിനും മൂന്ന് കോഴ്‌സ് ബുഫെ ഡിനെര്‍ എന്നിവയുമുണ്ട്.
കുട്ടികളുടെ കളിസ്ഥലം, തീയേറ്റര്‍, കടല്‍ക്കാറ്റും അറബിക്കടലിന്റെ ഭംഗിയും ആസ്വദിക്കാന്‍ തുറന്ന സണ്‍ഡെക്, ഓണ്‍ബോര്‍ഡ് ലക്ഷ്വറി ബാര്‍ എന്നിവയെല്ലാം ഈ ആഡംബര ക്രൂയിസില്‍ എത്തുന്നവരെ കാത്തിരിക്കുന്നു. അതേസമയം, പുറത്തുനിന്ന് മദ്യവുമായി ഇവിടേക്ക് പ്രവേശനം അനുവദിക്കില്ല.