കൊച്ചി: (www.kvartha.com 20.12.2021) ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ അപലപിച്ച് കേരളാ ഹൈകോടതി. ആലപ്പുഴയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആശങ്ക പ്രകടിപ്പിക്കുകയും ഭ്രാന്തന്മാര്‍ അഴിഞ്ഞാടുന്ന സ്ഥലമായി ജില്ല മാറിയെന്നും കോടതി നിരീക്ഷിച്ചു. ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാതലത്തിലാണ് ഗൗരവമായ പരാമര്‍ശം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
പൊലീസുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കുമ്പോഴാണ് ആലപ്പുഴ കൊലപാതകത്തെ സംബന്ധിച്ച പരാമര്‍ശം കോടതി നടത്തിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് പരാമര്‍ശം നടത്തിയത്. മണിക്കൂറുകള്‍ക്കിടെ രണ്ട് കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ സംഭവിച്ചത്.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രടറി കെ എസ് ശാനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. ദേഹമാസകലം 40-ഓളം വെട്ടുകളേറ്റ ശാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു.
ശാനിന്റെ മരണവിവരം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ആലപ്പുഴയെ നടുക്കി രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്. ഞായറാഴ്ച പുലര്‍ചെ ബിജെപി നേതാവും ഒബിസി മോര്‍ച സംസ്ഥാന സെക്രടറിയുമായ രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വെള്ളക്കിണറിലെ വീട്ടില്‍ക്കയറിയാണ് രഞ്ജിത്തിനെ അക്രമികള്‍ വെട്ടിക്കൊന്നത്.
അക്രമികള്‍ വാതിലില്‍ മുട്ടുകയും വാതില്‍ തുറന്നതിന് പിന്നാലെ അകത്ത് ഹാളില്‍ കയറി രഞ്ജിത്തിനെ വീട്ടുകാരുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ് വിവരം. തുടയിലും കഴുത്തിലുമാണ് രഞ്ജിത്തിന് മാരകമായി വെട്ടേറ്റത്. ആലപ്പുഴ ജില്ലാ കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ കൂടിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.
ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നിരോധാനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കനത്ത പൊലീസും കാവലും ഏര്‍പെടുത്തിയിട്ടുണ്ട്.
ശാനിന്റെ കൊലപാതകത്തിന് പിന്നില്‍ ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് എസ് ഡി പി ഐയുടെയും രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നില്‍ എസ് ഡി പി ഐ ആണെന്നാണ് ബി ജെ പിയും ആരോപിക്കുന്നത്.
ശാനിനെ ഇടിച്ചിട്ട കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌കൂടെറില്‍ പോവുകയായിരുന്ന ശാനിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയതിന് ശേഷമാണ് വെട്ടിക്കൊന്നതെന്നാണ് വിവരം. അക്രമികള്‍ വന്ന വാഹനത്തിന്റെ ചില സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ രെജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
അതിനിടെ, രണ്ട് രാഷ്ട്രീയക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത പൊലീസ് കാവല്‍ നിലനില്‍ക്കെ ആലപ്പുഴയില്‍ ഞായറാഴ്ച രാത്രി വീണ്ടും ഒരാള്‍ക്ക് വെട്ടേറ്റു. ആര്യാട് സ്വദേശി വിമലിനാണ് വെട്ടേറ്റത്. ഈ ആക്രമണത്തിന് പിന്നില്‍ ഗുണ്ടാ നേതാവ് ടെമ്പര്‍ ബിനുവെന്ന് പൊലീസ് പറയുന്നു. വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.
സമാധാനം ഉറപ്പിക്കാന്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം നടന്നില്ല. ബിജെപി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍വകക്ഷിയോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. യോഗത്തിന്റെ സമയം പിന്നീട് അറിയിക്കുമെന്ന് കലക്ടര്‍ എ അലക്സാണ്ടര്‍ അറിയിച്ചു.
കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകനായ രഞ്ജിത്ത് ശ്രീനിവാസന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ച സമയത്തായിരുന്നു സര്‍വകക്ഷിയോഗം നിശ്ചയിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. സമയം തീരുമാനിച്ചത് കൂടിയാലോചന ഇല്ലാതെയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തിന്റെ സമയം മാറ്റിയത്.