വിദ്യാര്‍ഥി പ്രസ്ഥാന കാലം മുതല്‍ ജ്യേഷ്ഠ സഹോദരന്റെ സ്നേഹം പകര്‍ന്നുതന്ന നേതാവാണ് പി ടി എന്നും അദ്ദേഹം അലങ്കരിച്ച കെ എസ് യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം പിന്നീട് ഏറ്റെടുക്കാന്‍ എനിക്ക് അവസരം ഉണ്ടായതിനു ശേഷം ആ ബന്ധം സുദൃഢമായെന്നും കെസി പറയുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് കെ സി പി ടി തോമസിനെ അനുസ്മരിച്ചത്.
വളരെ ഊഷ്മളമായ ഹൃദയ ബന്ധമുണ്ടായിരുന്ന പി ടി യുമായി പാര്‍ലമെന്റിലും നിയമസഭയിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ അവസരങ്ങളില്‍ കൂടുതല്‍ അറിയാനും അടുക്കാനും കഴിഞ്ഞിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നുപറയാനും തനിക്ക് ശരിയെന്ന് തോന്നുന്നത് എവിടെയും തലയുയര്‍ത്തി അവതരിപ്പിക്കാനും തയാറായിരുന്ന പി ടി, സംഘടനാ തലത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നില്ല. പ്രസ്ഥാനത്തിന് പ്രതിരോധ കവചമായി നില്‍ക്കുമ്പോള്‍ തന്നെ അനാരോഗ്യ പ്രവണതകളെ തുറന്ന് എതിര്‍ക്കാനും അദ്ദേഹം എന്നും ശ്രദ്ധകാട്ടിയിരുന്നു. അക്കാരണത്താല്‍ തന്നെ ഒരുപാട് ശത്രുക്കളും അദ്ദേഹത്തിനുണ്ടായെന്നും കെസി പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആര്‍ജവമുള്ള നിലപാടുകളാല്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ജ്വലിച്ചു നിന്ന പി ടി തോമസിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാനാകുന്നില്ല. വിദ്യാര്‍ത്ഥി പ്രസ്ഥാന കാലം മുതല്‍ ജ്യേഷ്ഠ സഹോദരന്റെ സ്നേഹം പകര്‍ന്നുതന്ന നേതാവാണ് പി ടി. പി ടി അലങ്കരിച്ച കെ എസ് യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം പിന്നീട് ഏറ്റെടുക്കാന്‍ എനിക്ക് അവസരം ഉണ്ടായതിനു ശേഷം ആ ബന്ധം സുദൃഢമായി.
വളരെ ഊഷ്മളമായ ഹൃദയ ബന്ധമുണ്ടായിരുന്ന പി.ടി.യുമായി പാര്‍ലമെന്റിലും നിയമസഭയിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ അവസരങ്ങളില്‍ കൂടുതല്‍ അറിയാനും അടുക്കാനും കഴിഞ്ഞിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നുപറയാനും തനിക്ക് ശരിയെന്ന് തോന്നുന്നത് എവിടെയും തലയുയര്‍ത്തി അവതരിപ്പിക്കാനും തയ്യാറായിരുന്ന പി ടി, സംഘടനാ തലത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നില്ല. പ്രസ്ഥാനത്തിന് പ്രതിരോധ കവചമായി നില്‍ക്കുമ്പോള്‍ തന്നെ അനാരോഗ്യ പ്രവണതകളെ തുറന്ന് എതിര്‍ക്കാനും അദ്ദേഹം എന്നും ശ്രദ്ധകാട്ടിയിരുന്നു. അക്കാരണത്താല്‍ തന്നെ ഒരുപാട് ശത്രുക്കളും അദ്ദേഹത്തിനുണ്ടായി.
ആഴത്തിലുള്ള വായനയായിരുന്നു പി ടിയെ എന്നും വേറിട്ടു നിര്‍ത്തിയത്. അറിവും സാംസ്‌കാരിക ഇടപെടലും അദ്ദേഹത്തിലെ പൊതുപ്രവര്‍ത്തകനെ ദീപ്തമാക്കി. എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും പരിസ്ഥിതി ബോധത്തിലൂടെയും പി ടി മുന്നോട്ടുവെച്ച ആശയങ്ങള്‍ മലയാളി ഇന്നും ചര്‍ച്ച ചെയ്യുകയാണ്.
പ്രസ്ഥാനത്തിന്റെ അമരക്കാരനായി കൂടുതല്‍ ചടുലമായ ചുമതലകളിലേക്ക് നിയോഗിക്കപ്പെട്ട കാലത്ത്, അദ്ദേഹത്തെപ്പോലൊരു നേതാവിന്റെ പ്രസക്തി വര്‍ധിച്ച കാലത്താണ് ജീവിതത്തില്‍ നിന്ന് പെട്ടന്നുള്ള ഈ മടക്കം.
കേരളത്തിലെ കലാലയങ്ങളിലൂടെ, ജനഹൃദയങ്ങളിലൂടെ, കക്ഷി രാഷ്ട്രീയത്തിന് ഉപരിയായ സൗഹൃദങ്ങളിലൂടെ പടര്‍ന്നു പന്തലിച്ച പി ടി എന്ന വന്‍മരം ഓര്‍മ്മകളില്‍ എന്നും തണല്‍വിരിക്കും. സൗമ്യവും ഹൃദ്യവുമായ സൗഹൃദത്തിന്, കലവറയില്ലാത്ത സ്നേഹ രൂപത്തിന് വിട....
Keywords: KC Venugopal's Facebook post on PT Thomas, Thiruvananthapuram, News, Politics, Dead Body, Dead, Obituary, Congress, Facebook Post, Kerala.