Follow KVARTHA on Google news Follow Us!
ad

തിക്കോടിയില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരണത്തിന് കീഴടങ്ങി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kozhikode,News,Dead,hospital,Treatment,Police,Kerala,
കോഴിക്കോട്: (www.kvartha.com 17.12.2021) തിക്കോടിയില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരണത്തിന് കീഴടങ്ങി. തിക്കോടി പഞ്ചായത്തിലെ താല്‍കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ് (22) മരിച്ചത്.

കൃഷ്ണപ്രിയയെ തിക്കോടി പളളിത്താഴം സ്വദേശി നന്ദഗോപന്‍ (28) പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും ബാക്കിവന്ന പെട്രോള്‍ ഇയാള്‍ സ്വയം ദേഹത്ത് ഒഴിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. നന്ദഗോപന്‍ ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 9.50ന് തിക്കൊടി പഞ്ചായത്ത് ഓഫിസിന് മുന്നിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫിസിലേക്ക് കൃഷ്ണപ്രിയ ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു.

ഉടനടി ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദ്ഗദ ചികിത്സയ്ക്കായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് അഞ്ച് മണിയോടെ കൃഷ്ണപ്രിയ മരിച്ചു. തീകൊളുത്തും മുമ്പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്ണപ്രിയ മൊഴി നല്‍കിയെന്നും പൊലീസ് പറഞ്ഞു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു.

ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറഞ്ഞു. വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാള്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ ഫോണും ഇയാള്‍ കൈവശപ്പെടുത്തി.

കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന് പെണ്‍കുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും എന്നാല്‍ മാനഹാനി ഭയന്നാണ് പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് പഞ്ചായത്ത് ഓഫിസില്‍ പ്രോജക്ട് അസിസ്റ്റന്റായി കൃഷ്ണപ്രിയ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.

Injured girl dead after treatment, Kozhikode, News, Dead, Hospital, Treatment, Police, Kerala

Keywords: Injured girl dead after treatment, Kozhikode, News, Dead, Hospital, Treatment, Police, Kerala.

Post a Comment