ഭോപാല്‍: (www.kvartha.com 25.12.2021) ബോളിവുഡിലെ കരീന കപൂര്‍- സെയ്ഫ് അലി ഖാന്‍ താരദമ്പതികളുടെ മകന്റെ പേര് ചോദിച്ച് ആറാം ക്ലാസ് ചോദ്യപേപെര്‍. തികച്ചും അപ്രസക്തമായ ചോദ്യം ചോദിച്ചിരിക്കുന്നത് മധ്യപ്രദേശിലെ ഖണ്ട്‌വ ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ പൊതുവിജ്ഞാന പരീക്ഷയിലായിരുന്നു. വിഷയം കുട്ടികള്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍പെടുത്തിയതോടെ വിവാദമായി.
'കരീന കപൂര്‍ ഖാന്റെയും സെയ്ഫ് അലി ഖാന്റെയും മകന്റെ മുഴുവന്‍ പേര് എഴുതൂ' -എന്നായിരുന്നു ചോദ്യം.
സംഭവത്തിന് പിന്നാലെ, കുട്ടികളുടെ രക്ഷിതാക്കള്‍ 'അകാഡെമിക് ഹൈറ്റ്‌സ്' എന്ന പബ്ലിക് സ്‌കൂളിനെതിരെ വിദ്യഭ്യാസ വകുപ്പിന് പരാതി നല്‍കിയിരിക്കുകയാണ്. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചോദ്യപേപെര്‍ കണ്ട രക്ഷിതാക്കള്‍ അമ്പരന്നു. ഇത്തരമൊരു ചോദ്യത്തിന് പകരം മഹാറാണി അഹില്യഭായ് ഹോള്‍കര്‍, ഛത്രപതി ശിവജി തുടങ്ങിയ ചരിത്രവ്യക്തികളെ കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളോട് ചോദിക്കണമായിരുന്നുവെന്ന് പാരന്റ് ബോഡി ഹെഡ് അനീഷ് ജാര്‍ജരെ പറഞ്ഞു. സ്‌കൂള്‍ അടച്ചുപൂട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവം ശ്രദ്ധയില്‍പെട്ടതായി ഖണ്ട്‌വ ജില്ലാ വിദ്യാഭ്യാസ ഓഫീസെര്‍ സഞ്ജീവ് ഭലേറാവു അറിയിച്ചു. സ്‌കൂളിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി ആരംഭിക്കുമെന്ന് സഞ്ജീവ് ഭലേറാവു പറഞ്ഞു.