ഇടുക്കി: (www.kvartha.com 23.12.2021) അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ സംസ്‌കാരം വ്യാഴാഴ്ച നടക്കും. പി ടി തോമസിന്റെ മൃതദേഹം രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. തങ്ങളുടെ പ്രയപ്പെട്ട നേതാവിന് അന്ത്യാഞ്ജലിയര്‍പിക്കാന്‍ നിരവധി പ്രവര്‍ത്തകരും നാട്ടുകാരുമാണ് പി ടിയുടെ വീട്ടിലെത്തിയത്.
ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, സിഎസ്ഐ ബിഷപ് വി എസ് ഫ്രാന്‍സിസ്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പിക്കാനെത്തി. പി ടി തോമസ് പുതുതലമുറക്ക് മാതൃകയാണെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. പി ടിയെ സ്നേഹിച്ച അനേകായിരങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിക്ക് അഭിമാനിക്കാവുന്ന രീതിയില്‍ പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും വളരെയധികം സേവനങ്ങള്‍ കാഴ്ചവച്ച പി ടി തോമസ് യാദൃച്ഛികമായി വേര്‍പെട്ട് പോയി. ദൈവം അദ്ദേഹത്തിന് നിത്യശാന്തി പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം പുതുതലമുറക്ക് മാതൃകയും അഭിമാനവുമായി നിലകൊള്ളും. മികച്ച സാമാജികനായി അദ്ദേഹം എല്ലാവരുടെയും മനസ്സില്‍ നിലകൊള്ളുമെന്നും ബിഷപ് പറഞ്ഞു.
വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറോളം ഉപ്പുതോട്ടിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. എറണാകുളം ഡിസിസിയിലാകും പൊതുദര്‍ശനം.
തുടര്‍ന്ന് ടൗണ്‍ ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പെടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അര്‍പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ പി ടി തോമസിന്റെ പ്രിയപ്പെട്ട വോടെര്‍മാര്‍ യാത്രമൊഴി നല്‍കും.
തുടര്‍ന്ന് 5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തില്‍ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയാകും സംസ്‌കാരചടങ്ങുകള്‍. കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അര്‍ബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി ടി തോമസ് വെല്ലൂരിലെ ആശുപത്രിയില്‍ എത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ പി ടി തോമസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. 71 വയസായിരുന്നു.