ഗാന്ധിനഗര്‍:(www.kvartha.com 30.12.2021) അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ പ്രതി ചെരുപ്പെറിഞ്ഞതായി റിപോര്‍ട്. ഗുജറാതിലെ സൂററ്റിലെ പ്രത്യേക ജില്ലാ പോക്‌സോ കോടതിയിലാണ് സംഭവം. പോക്‌സോ കേസില്‍ 27 കാരനാണ് കോടതി ജീവപര്യന്തരം ശിക്ഷ വിധിച്ചത്.
ഇരകളുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നല്‍കാനും ജഡ്ജി പി എസ് കല വധിച്ചു. ഇതോടെയാണ് പ്രതി ജഡ്ജിയുടെ ഡയസിന് നേരെ ചെരുപ്പെറിഞ്ഞതെന്നാണ് വിവരം. എന്നാല്‍ ചെരുപ്പ് ജഡ്ജിയുടെ ദേഹത്ത് തട്ടിയില്ലെന്ന് കോടതിമുറിയിലുണ്ടായിരുന്നവര്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രതിയെ ഉടന്‍തന്നെ അറസ്റ്റ് ചെയ്തുവെന്ന് ജില്ലാ ഗവ. പ്ലീഡെര്‍ നയന്‍ സുഖദ് വാല പറഞ്ഞു. കുറ്റവാളിയുടെ പെരുമാറ്റത്തില്‍ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 30 നാണ് പ്രതിയെ ശിക്ഷിക്കാന്‍ കാരണമായ കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ചും ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ കാണാനില്ലെന്ന് പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും മെയ് ഒന്നിന് മധ്യപ്രദേശ് സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ജൂണ്‍ എട്ടിന് കോടതിയില്‍ സമര്‍പിച്ച 206 പേജുള്ള കുറ്റപത്രം പ്രകാരം കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നിവയില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പ്രതിയെ മരണം വരെ ജയിലിലടക്കണമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരുടെ അകൗണ്ടില്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചത്.