കൊല്ലം: (www.kvartha.com 28.12.2021) ചവറയിലുണ്ടായ വാഹനാപകടത്തില്‍ നാല് മീന്‍ പിടുത്തത്തൊഴിലാളികള്‍ മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം (56), ബര്‍കുമന്‍സ് (45), വിഴിഞ്ഞം സ്വദേശി ജസ്റ്റിന്‍ (56), തമിഴ്‌നാട് സ്വദേശി ബിജു (35) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. 34 പേരാണ് മിനി ബസിലുണ്ടായിരുന്നത്. നാട്ടുകാരും പൊലീസും അഗ്നിശമനാ സേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാത്രി 12.30ഓടെ ചവറ ദേശീയപാതയില്‍ ഇടപ്പള്ളി കോട്ടക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരം പുല്ലുവിളയില്‍ നിന്ന് കോഴിക്കോട് ബേപ്പൂരിലേക്ക് മീന്‍ പിടുത്തത്തൊഴിലാളികളുമായി പോകുകയായിരുന്ന മിനിബസില്‍ തിരുവനന്തപുരത്തേക്ക് മീനുവുമായി വന്ന ഇന്‍സുലേറ്റഡ് വാനിടിച്ചാണ് അപകടം. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.