മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത തന്നെ സഹോദരന്‍ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതി. എന്നാല്‍ പരാതിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ശാസ്ത്രീയമായ അന്വേഷണം നടത്തുകയും തുടര്‍ന്ന് വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നുവെന്ന് എസ് എച് ഒ ബശീര്‍ സി ചിറക്കല്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സ്‌കൂള്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ അറിയാതെ സമൂഹമാധ്യമങ്ങളില്‍ അകൗണ്ടുകള്‍ ആരംഭിച്ച പെണ്‍കുട്ടി സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നത് സഹോദരന്‍ കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ശകാരിക്കുകയും വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയുകയും ചെയ്തു. ഇതിന്റെ ദേഷ്യത്തിലാണ് സഹോദരനെതിരെ വ്യാജ പീഡന പരാതിയുമായി പെണ്‍കുട്ടി ചൈല്‍ഡ് ലൈനിനെ സമീപിച്ചത്.
ചൈല്‍ഡ് ലൈനില്‍ നിന്ന് കേസ് പൊലീസിന് കൈമാറുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സി ഐ ബശീര്‍ ചിറകലിനായിരുന്നു അന്വേഷണ ചുമതല. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ കേസെടുത്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ വൈരുധ്യം കണ്ടെത്തിയതോടെയാണ് സൈകോളജിസ്റ്റിന്റെ സഹായം തേടാന്‍ തീരുമാനിച്ചതെന്നും സി ഐ പറഞ്ഞു.
വൈദ്യപരിശോധന നടത്തിയപ്പോള്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിയുകയും ചെയ്തു. തുടര്‍ന്ന് മനഃശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെ നടത്തിയ കൗണ്‍സിലിങ്ങിലാണ് സംഭവത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ പെണ്‍കുട്ടി തുറന്നു പറയുന്നത്. ഇത്തരത്തില്‍ വ്യാജ പരാതികള്‍ ധാരാളം വരുന്നതിനാലാണ് ശാസ്ത്രീയമായി കേസ് അന്വേഷിക്കാന്‍ തീരുമാനിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Keywords: Fake molestation complaint against brother by minor girl, Malappuram, News, Local News, Complaint, Police, Probe, Kerala.