ആലപ്പുഴ: (www.kvartha.com 19.12.2021) ബിജെപി നേതാവും ഒബിസി മോര്‍ച സംസ്ഥാന സെക്രടറിയുമായ രഞ്ജിത്ത് ശ്രീനിവാസന്‍(40) വെട്ടേറ്റ് മരിച്ച സംഭവത്തില്‍ 11 പേര്‍ കസ്റ്റഡിയില്‍. അക്രമിസംഘം എത്തിയത് ആംബുലന്‍സിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവസ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്ത എസ് ഡി പി ഐയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സ് പൊലീസ് പരിശോധിച്ച് വരികയാണ്.
എസ് ഡി പി ഐ യുടെ ചാരിറ്റി പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിക്കുന്ന ആംബുലന്‍സാണ് പൊലീസ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചില ആയുധങ്ങള്‍ ആബുലന്‍സില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് നിലവില്‍ രേഖപ്പെടുത്തിയിട്ടില്ല. അക്രമികള്‍ ഈ ആംബുലന്‍സില്‍ തന്നെയാണോ വന്നതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനായി സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് രഞ്ജിത്ത് ശ്രീനിവാസനെതിരെ പുലര്‍ചെ ആക്രമണം ഉണ്ടായത്. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം, ആലപ്പുഴയിലെ എസ് ഡി പി ഐ സംസ്ഥാന സെക്രടറി കെ എസ് ഷാനിന്റെ കൊലപാതകത്തില്‍ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായും അഞ്ച് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും പൊലീസ് അറിയിച്ചു. പ്രതികളെല്ലാം ആലപ്പുഴ, മണ്ണഞ്ചേരി സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി.
മണ്ണാഞ്ചേരിയില്‍ ശനിയാഴ്ച രാത്രിയാണ് അക്രമി സംഘം ഷാനിനെ വെട്ടിപരുക്കേല്‍പ്പിച്ചത്. ഷാന്‍ സഞ്ചരിച്ച ബൈക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ ഷാനിന്റെ ശരീരത്തില്‍ 40-ല്‍ അധികം വെട്ടുകളുണ്ടായിരുന്നുവെന്ന് കണ്ടെത്തി. കഴുത്തിനേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.