ചെന്നൈ: (www.kvartha.com 24.12.2021) ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രമാണ് 'ഹേയ് സിനാമിക'. ബൃന്ദാമാസ്റ്റെര്‍ സംവിധായികയാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നൃത്ത സംവിധായിക എന്ന നിലയ്ക്ക് തമിഴിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുള്ളയാളാണ് ബൃന്ദാ മാസ്റ്റെര്‍. അടുത്തിടെ 'ഹേയ് സിനാമിക' എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ 'ഹേയ് സിനാമിക' ചിത്രത്തിലെ നായികമാരുടെ ഫസ്റ്റ് ലുകും പുറത്തുവിട്ടിരിക്കുകയാണ്.
കാജല്‍ അഗര്‍വാളും, അദിതി റാവു ഹൈദരിയുമാണ് നായികമാര്‍. ചിത്രം ഫെബ്രുവരി 25 നാണ് റിലീസ് ചെയ്യുക. പ്രീത ജയരാമന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചെന്നൈ ആയിരുന്നു ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രധാന ലൊകേഷന്‍. കോവിഡ് നിയന്ത്രണങ്ങളില്‍ ഷൂടിംഗ് നിര്‍ത്തിവച്ചതിനാലാണ് 'ഹേയ് സിനാമിക' വൈകിയത്.
ചിത്രത്തിന് പാകപ് പറഞ്ഞതിന് പിന്നാലെ മികച്ച ടീമിനൊപ്പം പ്രവര്‍ത്തിച്ച അനുഭവം പങ്കുവച്ചിരുന്നു ദുല്‍ഖര്‍. ലൊകേഷനില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളും താരം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ബൃന്ദ മാസ്റ്ററോട് നിറയെ സ്‌നേഹമെന്നും സിനിമയിലെ ഓരോരുത്തരും പ്രൊഫഷണല്‍സ് ആയിരുന്നുവെന്നും ദുല്‍ഖര്‍ കുറിച്ചിരുന്നു.
ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് 'ഹേയ് സിനാമിക' നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.