വള്ളികുന്നം: (www.kvartha.com 24.12.2021) ഇരുചക്രവാഹനത്തില്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് വ്യാപാര സ്ഥാപനങ്ങളിലെത്തി ആരാധനാലയത്തിന്റെ പേരില്‍ നാണയ തുട്ടുകള്‍ നല്‍കി ദമ്പതികളുടെ തട്ടിപ്പ്. ഇവരുടെ തട്ടിപ്പിന് ഇരയായത് നിരവധി പേര്‍. ക്രിസ്മസ് വിപണിയിലെ തിരക്ക് മുതലെടുത്താണ് ഇപ്പോള്‍ ഇവര്‍ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നതെന്ന് കബളിപ്പിക്കപ്പെട്ടവര്‍ പറയുന്നു.
ഇരുചക്രവാഹനത്തില്‍ വന്നിറങ്ങുന്ന ദമ്പതികളില്‍ ഭര്‍ത്താവാണ് കൈയില്‍ നാണയത്തുട്ടുകളുമായി തിരക്കുള്ള സമയങ്ങളില്‍ കടയിലെത്തുക. എന്നാല്‍ ഭാര്യ ഒപ്പം വരാതെ സ്ഥാപനത്തിന് അകലെ പാര്‍ക് ചെയ്തിരിക്കുന്ന വാഹനത്തിനരികില്‍ നില്‍ക്കും.
കടയില്‍ കയറിയ യുവാവ് തൊട്ടടുത്തുള്ള ഏതെങ്കിലും ആരാധനാലയത്തിലെ ഭരണാധികാരിയുടെ പേര് പറഞ്ഞ് ചില്ലറ നാണയങ്ങള്‍ ഉടമയ്ക്ക് നല്‍കും. തുടര്‍ന്ന് നോടായി നല്‍കണമെന്ന് ആവശ്യപ്പെടും. 1500, 2000 രൂപയുടെ ചില്ലറയുണ്ടെന്ന് പറയുകയും ചെയ്യും. എന്നാല്‍ കടയിലെ തിരക്ക് കാരണം എണ്ണിത്തിട്ടപ്പെടുത്താന്‍ സമയമില്ലാത്തതിനാല്‍ വിശ്വാസത്തിന്റെ പുറത്ത് പറഞ്ഞ പണം നല്‍കുകയും ചെയ്യും.
പിന്നീട് ചില്ലറത്തുട്ടുകള്‍ എണ്ണിനോക്കുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. അപ്പോഴേക്കും വന്നവര്‍ കടന്നുകളഞ്ഞിട്ടുണ്ടാകും. ജില്ലയുടെ പല ഭാഗത്തും ഇത്തരത്തില്‍ തട്ടിപ്പ് നടന്നതായാണ് വിവരം. കഴിഞ്ഞ ദിവസം വള്ളികുന്നം, കറ്റാനം മേഖലകളില്‍ ഇത്തരത്തില്‍ നിരവധിപേര്‍ തട്ടിപ്പിനിരയായി എന്നാണ് അറിയുന്നത്.
വള്ളികുന്നം പുത്തന്‍ചന്ത വി എം മാര്‍ടിലെത്തിയ സംഘം 250 രൂപയുടെ നാണയം നല്‍കി 1500 രൂപയാണ് വാങ്ങിയത്. വ്യാപാരി അനില്‍ വള്ളികുന്നം തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടിലൂടെയാണ് തട്ടിപ്പ് വിവരം പുറത്തറിയിച്ചത്.
Keywords: Couple cheated in the name of a place of worship by going to markets, Alappuzha, News, Local News, Complaint, Business Man, Cheating, Kerala.