പത്തനംതിട്ട: (www.kvartha.com 13.12.2021) റാന്നിയില്‍ 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മ അറസ്റ്റില്‍. നീണ്ടൂര്‍ സ്വദേശി ബ്ലെസിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലെസിയും ഭര്‍ത്താവ് ബെന്നി സേവ്യറും കുഞ്ഞിനെ റാന്നി താലൂക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു. കോട്ടയം മെഡികല്‍ കോളജില്‍ പോസ്റ്റുമോര്‍ടെം നടത്തിയതോടെയാണ് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അമ്മയെ ചോദ്യംചെയ്തതോടെയാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് അവര്‍ സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു.
മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് തുടര്‍ച്ചയായി അസുഖങ്ങള്‍ വന്നിരുന്നുവെന്നും സംഭവദിവസം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് യുവതി പറഞ്ഞതെന്നും പൊലീസ് പറയുന്നു.
ബ്ലെസിയുടെ ഭര്‍ത്താവ് ബെന്നി സേവ്യര്‍ കാവാലം സ്വദേശിയാണ്. ഇരുവരും കുറച്ചുകാലമായി റാന്നിയിലാണ് താമസിച്ചിരുന്നത്. റാന്നിയിലെ ഒരു ആശ്രമത്തിലായിരുന്നു ഇവര്‍ ജോലിചെയ്തിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: Child found dead; Woman arrested, Pathanamthitta, News, Local News, Police, Arrested, Child, Kerala.