ന്യൂഡെല്‍ഹി: (www.kvartha.com 30.12.2021) പ്രതിഷേധങ്ങള്‍ കാറ്റില്‍ പറത്തി സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നാഗാലാന്‍ഡില്‍ ആറ് മാസത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സംഘര്‍ഷസാധ്യതയുള്ള അപകടം നിറഞ്ഞ പ്രദേശമാണെന്ന് വിലയിരുത്തിയാണ് അഫ്‌സ്പ നീട്ടാനുള്ള നിര്‍ണായക തീരുമാനം കേന്ദ്രസര്‍കാര്‍ പ്രഖ്യാപിച്ചത്.
അഫ്‌സ്പ പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍കാറും വിവിധ സംഘടനകളും ആവശ്യം ഉന്നയിച്ചുവെങ്കിലും ഇത് മുഖവിലക്കെടുക്കാന്‍ കേന്ദ്രസര്‍കാര്‍ തയ്യാറായില്ല. നാഗാലാന്‍ഡ് വെടിവയ്പ്പിനെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സൈന്യത്തെ ചോദ്യം ചെയ്യാനുള്ള അനുമതിയും കേന്ദ്രസര്‍കാര്‍ നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ നാലിന് സൈന്യം 13 സിവിലിയന്‍മാരെ വെടിവച്ച് കൊന്നതോടെയാണ് അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിഷേധം വീണ്ടും ശക്തമായത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് കരിനിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ പ്രമേയം പാസാക്കി. ഇതുസംബന്ധിച്ച് പരിശോധിക്കാന്‍ വിവേക് ജോഷിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയേയും നിയോഗിച്ചിരുന്നു.
പ്രശ്നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്ഥലത്തും സ്വതന്ത്ര നടപടികള്‍ക്ക് സൈന്യത്തിന് അധികാരം നല്‍കുന്നതാണ് അഫ്സ്പ. മാത്രമല്ല, അഫ്സ്പ മേഖലയിലെ സൈനികനെ ശിക്ഷാനടപടികള്‍ക്ക് വിധേയനാക്കണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വേണം.