അയോധ്യ: (www.kvartha.com 15.12.2021) ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യ സന്ദര്‍ശിച്ച് ബി ജെ പി ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയും. ഇതാദ്യമായാണ് ഇത്രയും ബി ജെ പി മുഖ്യമന്ത്രിമാര്‍ ഒന്നിച്ച് അയോധ്യയില്‍ എത്തുന്നത്. ഹനുമാന്‍ ഗാര്‍ഹി സന്ദര്‍ശിച്ച സംഘം തുടര്‍ന്ന് രാംജന്മഭൂമിയിലേക്ക് പോകുകയും രാമക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, അസം, മണിപ്പൂര്‍, ത്രിപുര, ഗുജറാത്, ഹരിയാന, ഗോവ, ബിഹാര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമാണ് അയോധ്യ സന്ദര്‍ശിക്കുന്നത്.
മുഖ്യമന്ത്രിമാരുടെ സംഘം രാമക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുകയും ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖടര്‍, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്, അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡു, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ്, ബിഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവി എന്നിവരടക്കമുള്ളവര്‍ നഡ്ഡക്കൊപ്പം അയോധ്യയിലെത്തി പൂജകളില്‍ പങ്കാളികളായി. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിമാരായ കേശവ് മൗര്യയും ദിനേശ് ശര്‍മയും ഒപ്പമുണ്ടായിരുന്നു.
രാമജന്മഭൂമി കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധിക്ക് ശേഷം നഡ്ഡയുടെ ആദ്യ അയോധ്യ സന്ദര്‍ശനമാണിത്. കാശി വിശ്വനാഥ് ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ എത്തുന്നതിന് മുന്നോടിയായി ഞായറാഴ്ചയാണ് നഡ്ഡ വാരണാസിയില്‍ എത്തിയത്. ചൊവ്വാഴ്ച വാരണാസിയില്‍ എത്തിയ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഒരിക്കല്‍ കൂടി രാംലല്ല സന്ദര്‍ശിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. നിര്‍മാണം ആരംഭിച്ചതിന് ശേഷം ആദ്യമായി ഇവിടം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. എല്ലാവരും ആരോഗ്യവാന്മാരായി ഇരിക്കാനായി പ്രാര്‍ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാംലല്ലയില്‍ ദര്‍ശനം ലഭിച്ചത് ഭാഗ്യമായി കാണുന്നുവെന്ന് ഹിമന്ത ബിശ്വ ശര്‍മയും പറഞ്ഞു. ഹിന്ദു ഒരു അജന്‍ഡയല്ല അത് നമ്മുടെ ജീവിതമാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: BJP’s show of strength in Uttar Pradesh: 12 CMs, JP Nadda pay obeisance to Ram Lalla in Ayodhya, Chief Minister, Visit, Election, BJP, Religion, National.