ആലപ്പുഴ: (www.kvartha.com 21.12.2021) ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേര്‍ കസ്റ്റഡിയിലായതായി സൂചന നല്‍കി പൊലീസ്. ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന രക്തക്കറ പുരണ്ട ഒരു ബൈകും പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തിങ്കളാഴ്ച രാത്രിയാണ് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നുള്ള സൂചനകളും നല്‍കിയിട്ടുണ്ടെങ്കിലും പൊലീസ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനോടകം നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.
മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ നേതാവ് കെ എസ് ശാനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ആലപ്പുഴയില്‍ രഞ്ജിത്ത് കൊലപ്പെടുന്നത്. ശാന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ആലപ്പുഴ സ്വദേശി പ്രസാദ് എന്നു വിളിക്കുന്ന രാജേന്ദ്രപ്രസാദ് (39), കാട്ടൂര്‍ സ്വദേശി കുട്ടന്‍ എന്നുവിളിക്കുന്ന രതീഷ് (31) എന്നിവരെയാണ് ക്രൈബ്രാഞ്ച് ഡിവൈ എസ് പി കെ വി ബെന്നിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇരുവരും ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ മുഖ്യപങ്ക്വഹിച്ചവരില്‍ ഒരാളാണ് പ്രസാദ്. കൃത്യനിര്‍വഹണത്തിനായി അടുത്തുള്ള വാഹനം രതീഷിനെക്കൊണ്ട് വാടകയ്ക്കെടുപ്പിച്ചത് പ്രസാദാണെന്നും പൊലീസ് പറഞ്ഞു.
ഈ വാഹനം കണിച്ചുകുളങ്ങരയിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ശബരിമലയ്ക്കു പോകാനെന്നു പറഞ്ഞാണ് വാടകയ്ക്കെടുത്തത്. രണ്ടുമാസമായി പ്രസാദും രതീഷും കൊലപാതകം ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്കുപണം എത്തിച്ചുകൊടുത്തതും ഇവരാണെന്ന് തെളിഞ്ഞതായും പൊലീസ് പറഞ്ഞു.
രഞ്ജിത് വധത്തില്‍ പ്രതികളെ പിടികൂടുന്നില്ലെന്ന ആക്ഷേപം ബിജെപി ഉയര്‍ത്തിയിരുന്നു. കൊലപാതകത്തില്‍ 12 പേര്‍ക്ക് പങ്കുണ്ടെന്നു കരുതുന്നതായാണ് എഡിജിപി വിജയ് സാഖറെ അറിയിച്ചത്. വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയുടെ കൊലപാതകവുമായി ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും എഡിജിപി അറിയിച്ചു.
തലയിലും കഴുത്തിലും നെഞ്ചിലും മാരകായുധങ്ങള്‍ കൊണ്ട് ആഴത്തിലേറ്റ മുറിവുകളാണു രരഞ്ജിതിന്റെ മരണ കാരണമെന്നാണു പോസ്റ്റ്‌മോര്‍ടെത്തിലെ പ്രാഥമിക നിഗമനം. അതേസമയം ജില്ലയില്‍ ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് സര്‍വകക്ഷി സമാധാന യോഗം നടക്കും. ആലപ്പുഴ ജില്ലയില്‍ തുടരുന്ന നിരോധനാജ്ഞ തുടരണോ എന്നതില്‍ തീരുമാനവും വൈകിട്ടുണ്ടാകും.
Keywords: BJP leader Ranjith Srinivasan's assassination; Police says four people were in custody, Alappuzha, News, Police, Custody, Murder, Kerala.