തിരുവനന്തപുരം: (www.kvartha.com 30.12.2021) സംസ്ഥാനത്ത് ജനുവരി മൂന്നുമുതല്‍ അംഗന്‍വാടികള്‍ തുറക്കാനുള്ള തീരുമാനം മാറ്റി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അംഗന്‍വാടികളില്‍ കുട്ടികളെ പ്രവേശിപ്പിക്കേണ്ടെന്ന് വനിതാ ശിശുവികസ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. വീണ്ടും കോവിഡ് ആശങ്കയുയര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനുവരി മൂന്ന് മുതല്‍ കുട്ടികളെ പ്രവേശിപ്പിക്കാനായിരുന്നു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. ഇതിനായി 'കുരുന്നുകള്‍ അംഗന്‍വാടികളിലേക്ക്' എന്ന പേരില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ വകുപ്പ് പുറത്തിറക്കിയിരുന്നു. രാവിലെ 9.30 മുതല്‍ 12.30 വരെയായിരിക്കും പ്രവര്‍ത്തന സമയമെന്നും 1.5 മീറ്റര്‍ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താനെന്നും നിര്‍ദേശമുണ്ടായിരുന്നു.