മലപ്പുറം: (www.kvartha.com 23.12.2021) ഭിന്നശേഷിക്കാരനായ 52 കാരനെ പൊലീസ് മര്‍ദിച്ചെന്ന് പരാതി. പോത്തുകല്‍ സ്വദേശി കളരിക്കല്‍ തോമസ് കുട്ടി(പൊന്നന്‍)യാണ് പൊലീസിനെതിരെ ആരോപണമുന്നയിക്കുന്നത്. ശാരീരികാസ്വാസ്ഥ്യവും മൂത്രതടസവും നേരിട്ട ഇയാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 വര്‍ഷം മുന്‍പ് വീഴ്ചയില്‍ നട്ടെല്ലിന് ക്ഷതമേറ്റ തോമസ് കുട്ടിക്ക് അരയ്ക്ക് താഴെ ചലനശേഷിയില്ല.
തിങ്കളാഴ്ച രാത്രി വീടിന് സമീപത്ത് മുച്ചക്ര സ്‌കൂടെറില്‍ ഇരിക്കുമ്പോള്‍ പോത്തുകല്ല് പൊലീസ് മര്‍ദിച്ചെന്നാണ് തോമസ് കുട്ടിയുടെ പരാതി. ക്രിസ്മസിന്റെ കരോള്‍ സംഘത്തെ കാത്തിരുന്ന തന്നോട് പൊലീസ് ജീപിലെത്തിയ തന്‍ഡെര്‍ ബോള്‍ടിന്റ യൂനിഫോം ധരിച്ച രണ്ടുപേര്‍ ഇവിടെ ഇരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചെന്നും മകനെ കാത്തിരികയാണെന്ന് മറുപടി നല്‍കിയെങ്കിലും വിശ്വാസത്തിലെടുക്കാതെ കയര്‍ത്തു സംസാരിച്ചെന്നും തോമസ് കുട്ടി പറഞ്ഞു.
ഇത് ചോദ്യം ചെയ്തതിന് ടോര്‍ച് കൊണ്ട് തലയ്ക്ക് അടിച്ചെന്നും ജീപില്‍ നിന്ന് ലാതിയെടുത്തുവന്ന് വീണ്ടും അടിച്ചപ്പോള്‍ സ്‌കൂടെറില്‍ നിന്ന് നിലത്ത് വീണെന്നും പരാതിക്കാരന്‍ വ്യക്തമാക്കുന്നു. ഇതിനിടെ തന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍വാസി എത്തിയതോടെയാണ് പൊലീസുകാര്‍ പിന്തിരിഞ്ഞതെന്ന് തോമസ് കുട്ടി പറഞ്ഞു.
എന്നാല്‍ തോമസ് കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് പോത്തുകല്ല് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ വിശദീകരണം. രാത്രി അസമയത്ത് റോഡരികില്‍ കണ്ടപ്പോള്‍ പട്രോളിംഗ് ഡ്യൂടിയിലുള്ള പൊലീസുകാര്‍ വിവരം തിരക്കിയെന്നും മദ്യലഹരിയിലായിരുന്ന തോമസ് കുട്ടി അസഭ്യം പറഞ്ഞെന്നും പൊലീസുകാര്‍ വിശദീകരിച്ചു.