ബെന്‍ഗ്‌ളൂറു: (www.kvartha.com 17.12.2021) കര്‍ണാടക നിയമസഭയില്‍ വിവാദമായ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എംഎല്‍എയുമായ കെ ആര്‍ രമേശ് കുമാര്‍ ക്ഷമാപണം നടത്തി. ഒഴിവാകാനോ രക്ഷപ്പെടാനോ കഴിയുന്നില്ലെങ്കില്‍ ബലാത്സംഗം ആസ്വദിക്കണമെന്നായിരുന്ന രമേശ് കുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്.
മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന കേട്ട് സ്പീകെര്‍ വിശ്വേശ്വര്‍ ഹെഡ്ഗെയും പുരുഷന്‍മാരായ മറ്റ് അംഗങ്ങളും പൊട്ടിചിരിച്ചു. കര്‍ണാടക നിയമസഭയില്‍ കര്‍ഷക സമരം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് സ്പീകെറോട് എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് സ്പീകെര്‍ വ്യക്തമാക്കിയെങ്കിലും എന്നാല്‍ എംഎല്‍എമാര്‍ വീണ്ടും പ്രളയം അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ചയ്ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
എംഎല്‍എമാരുടെ ബഹളം നിയന്ത്രിക്കാനാകുന്നില്ലെന്നും നിങ്ങള്‍ എന്ത് ചെയ്താലും ഞാന്‍ അത് ആസ്വദിക്കും അതാണ് നിലവിലെ അവസ്ഥ എന്നും സ്പീകെര്‍ ചര്‍ചയിലെ ഒച്ചപ്പാടുകളോട് പ്രതികരിച്ചതിന്റെ പിന്നാലെയായിരുന്നു നേതാവിന്റെ പരാമര്‍ശം.
'ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ കിടന്നാസ്വദിക്കുക എന്നൊരു ചൊല്ലുണ്ട്. ഇതാണ് ഇപ്പോള്‍ താങ്കളുടെ (സ്പീകെറുടെ) അവസ്ഥ എന്നായിരുന്നു രമേശ് കുമാര്‍ പറഞ്ഞത്. ഇതിന് പിന്നാലെ കെ ആര്‍ രമേശ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ അംഗങ്ങള്‍ സഭയിലും പുറത്തും പ്രതിഷേധിച്ചു.
സഭാ നടപടി രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതോടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ വനിതാ അംഗങ്ങള്‍ നേതാവിനെ സസ്പെന്‍ഡ് ചെയ്യണമെന്ന നിലപാടിലാണ്. ഇതിന് പുറമേ കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ വനിതകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ തെറ്റ് പറ്റിയെന്നും മാപ്പ് നല്‍കണമെന്നും മുന്‍സ്പീകെര്‍ കൂടിയായിരുന്ന രമേശ് കുമാര്‍ സഭയില്‍ അഭ്യര്‍ഥിക്കുകയായിരുന്നു.