ജകാര്‍ത: (www.kvartha.com 14.12.2021) ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം ഉണ്ടായതായി റിപോര്‍ട്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 1000 കിലോമീറ്റര്‍ വേഗത്തില്‍ വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കുന്നു.
ഇന്‍ഡോനേഷ്യയിലെ മൗമേറ നഗരത്തിന് 100 കിലോമീറ്റര്‍ വടക്ക് ഫ്‌ലോറസ് കടലില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജികല്‍ സര്‍വേ അറിയിച്ചു. അപകടത്തില്‍ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.
നേരത്തെ ഇന്‍ഡോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനങ്ങളില്‍ ഒന്ന് 2004ല്‍ ഉണ്ടായതാണ്. സുമാത്ര തീരത്ത് 9.1 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനം അതിഭീകര സുനാമി തിരകള്‍ക്ക് കാരണമായിരുന്നു. അന്ന് രണ്ടു ലക്ഷത്തോളം പേരുടെ ജീവനാണ് സുനാമി തിരകള്‍ കവര്‍ന്നത്.