നാവിക സേനയുടെ മേധാവിയായി ചുമതല ഏറ്റെടുത്ത് വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍; 'അഭിമാനം നിറഞ്ഞ നിമിഷം, ഏത് വെല്ലുവിളിയേയും നേരിടും'

 



ന്യൂഡെല്‍ഹി: (www.kvartha.com 30.11.2021) നാവികസേനയെ നയിക്കാന്‍  ആദ്യമായി ഒരു മലയാളി. ഡെല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ വച്ച് നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ നാവിക സേനയുടെ മേധാവിയായി ചുമതല ഏറ്റെടുത്തു. 

പശ്ചിമ നേവല്‍ കമാണ്ട് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര്‍ ഹരികുമാര്‍ എത്തുന്നത്. 2024 ഏപ്രില്‍ മാസം വരെയാകും കാലാവധി. സ്ഥാനമൊഴിഞ്ഞ അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ സ്വീകരിച്ചു.

നാവിക സേനയുടെ മേധാവിയായി ചുമതല ഏറ്റെടുത്ത് വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍; 'അഭിമാനം നിറഞ്ഞ നിമിഷം, ഏത് വെല്ലുവിളിയേയും നേരിടും'


വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ഇത് തനിക്ക് അഭിമാനം നിറഞ്ഞ നിമിഷമെന്ന് പ്രതികരിച്ചു. ആഴക്കടല്‍ സുരക്ഷയാണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഏത് വെല്ലുവിളിയേയും നേരിടുമെന്നും ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ഗാമികളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. ആ പാത പിന്തുടരുമെന്നും അദ്ദഹം പറഞ്ഞു.

തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാര്‍ 1983-ലാണ് ഇന്‍ഡ്യന്‍ നാവികസേനയുടെ ഭാഗമാകുന്നത്. ഐ എന്‍ എസ് വിരാട്, ഐ എന്‍ എസ് റണ് വീര്‍ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാന്‍ഡറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇന്‍ഗ്രേറ്റഡ് ഡിഫെന്‍സ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഹരികുമാര്‍ ചുമതലയേറ്റെടുത്തത്.

പിന്നാലെയാണ് 39 വര്‍ഷത്തെ അനുഭവപരിചയുമായി ഇന്‍ഡ്യന്‍ നാവികസേനയുടെ തലപ്പത്തേക്ക് അദ്ദേഹം അവരോധിക്കപ്പെടുന്നത്. പരം വിശിഷ്ഠ് സേവ മെഡല്‍, അതി വിശിഷ്ഠ് സേവാമെഡല്‍, വിശിഷ്ഠ് സേവാമെഡല്‍ എന്നിവ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Keywords:  News, National, India, New Delhi, Navy, Malayalee, Thiruvananthapuram, Award, Vice admiral R Hari Kumar take new chief of Naval staff 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia