തിരുവനന്തപുരം: (www.kvartha.com 05.11.2021) ഇന്ധന നികുതിയിൽ ഇളവ് നൽകാനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധന നികുതിയിൽ കേന്ദ്ര സർകാർ കുറച്ചതിന് ആനുപാതികമായ കുറവ് കേരളത്തിൽ വന്നിട്ടുണ്ടെന്നും പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര നികുതി വളരെ കൂടുതലാണെന്നും ഇത്രയും ഉയർന്ന തുക പിരിക്കാൻ കേന്ദ്ര സർകാരിന് അവകാശമില്ലെന്നും ധനമന്ത്രി പറഞ്ഞു.
ബി ജെ പിയും കോൺഗ്രസും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പ്രതിപക്ഷം ബി ജെ പി യെ സഹായിക്കുകയാണ്. യു ഡി എഫ് സർകാരിന്റെ കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയെന്നും അതിന്റെ കണക്ക് തന്റെ കൈയിലുണ്ടെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ എല്‍ ഡി എഫ് സര്‍കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും പകരം ഒരു തവണ കുറയ്ക്കുകയാണു ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടുനല്‍കിയത് യു പി എ സര്‍കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ വില നിയന്ത്രിക്കാന്‍ ഓയില്‍ പൂള്‍ അകൗൻഡ് എന്ന സംവിധാനം ഉണ്ടായിരുന്നു. സബ്‌സിഡി നല്‍കിക്കൊണ്ട് പെട്രോള്‍ വില നിശ്ചിത നിരക്കില്‍ നിലനിര്‍ത്താനുള്ള സംവിധാനമായിരുന്നു ഇത്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇത് നിര്‍ത്തിയത്. കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷ്യല്‍ എക്‌സൈസ് തീരുവ കൂട്ടിയതാണ് വില കൂടാനുള്ള പ്രധാന കാരണം. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയര്‍ത്തിയെന്നും ധനമന്ത്രി പറഞ്ഞു. ആ വർധനവിൽ നിന്നാണ് ഇപ്പോള്‍ 10 രൂപയും അഞ്ചു രൂപയും കുറച്ചത്. ആനുപാതികമായി കേരളത്തിലെ വിലയിലും മാറ്റമുണ്ടായി. ബി ജെ പിയെ സഹായിക്കുന്നതിനാണ് യു ഡി എഫ് സംസ്ഥാനത്ത് നികുതി കുറയ്ക്കണമെന്ന ആവിശ്യവുമായി രംഗത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം കൊവിഡ് കാലത്ത് നിരവധി പാക്കേജ് നൽകി. അതിന് പുറമേയും കേരളം നിരവധി സാമൂഹ്യസുരക്ഷാപദ്ധതികൾ നടപ്പാക്കുന്നുണ്ട്. പക്ഷേ ഇതിനൊന്നും അർഹമായ വിഹിതം കേന്ദ്രം നൽകുന്നില്ലെന്നാണ് സംസ്ഥാനത്തിന്റെ പരാതി. ആകെ വരുന്ന വരുമാനത്തിന്റെ 41% സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കിട്ടുന്നില്ലെന്നാണ് ആക്ഷേപം. എല്ലാ അർത്ഥത്തിലും കേന്ദ്രം സംസ്ഥാനങ്ങലെ പറ്റിക്കുകയാണ്. അതേ സമയം എണ്ണ കമ്പനികളുടെ ലാഭം കോടികളാണെന്നും മന്ത്രി പറഞ്ഞു. സ്പെഷ്യൽ നികുതിയുടെ പേരിൽ സംസ്ഥാനങ്ങളെ തഴയുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇന്ധന വിലയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടി മൂലമാണ് ഇപ്പോൾ വില കുറയ്ക്കാൻ കേന്ദ്രം തയ്യാറായതെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടുന്നു.
Keywords: Thiruvananthapuram, News, Kerala, Crude Oil, Minister, Government, Political party, BJP, Congress, UDF, Manmohan Singh, COVID-19, The Finance Minister has reiterated that no concession can be given in fuel tax.