തലശേരി - മൈസുറു തീവണ്ടിപ്പാത; ചുവപ്പ് സിഗ്നൽ മാറ്റാതെ കർണാടക; ആകാശ സർവേയുമായി കേരളം

സൂപ്പി വാണിമേൽ

കണ്ണൂർ: (www.kvartha.com 30.11.2021) ഭൂമി തുരന്നും വനം വെളുപ്പിച്ചും മൈസൂറിലേക്ക് തലശേരിയിൽ നിന്ന് തീവണ്ടിപ്പാത വേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർണാടക വനം വകുപ്പ്. കേരളമാകട്ടെ ഹെലിബോൺ സർവേയുമായി മുന്നോട്ടും. കണ്ണൂർ ജില്ലയിൽ തലശേരിക്കടുത്ത കല്ലിക്കണ്ടി എൻ എ എം കോളജ് ഹെലിപാഡിൽ നിന്ന് ചൊവ്വാഴ്ച രാവിലെ മലബാറിന്റെ യാത്രാസ്വപ്നങ്ങളുടെ ചിറകേറി സർവേ കോപ്റ്റർ പറന്നു.
                      
News, Kerala, Karnataka, Railway, Railway Track, Top-Headlines, Thalassery, Kannur, Government, Kozhikode, Forest, Thalassery Mysuru Railway Network; Aerial Survey begins.

തലശേരി - മൈസുറു തീവണ്ടിപ്പാതയുടെ പുതുക്കിയ അലൈന്മെന്റ് ഭാഗങ്ങൾക്ക് മുകളിലൂടെ സഞ്ചരിച്ചാണ് സർവേ. കൊങ്കൺ റെയിൽവേ കോർപറേഷനുവേണ്ടി ഹൈദരാബാദ് ആസ്ഥാനമായ നാഷനൽ ജ്യോഗ്രഫിക് റിസർച് ഇൻസ്റ്റിട്ട്യൂട് ആണ് സർവേ നടത്തുന്നത്. കോപ്റ്ററിൽ നിന്ന് ഇരുപത് മീറ്റർ താഴ്ത്തിക്കെട്ടിയ ഇലക്ട്രോ മാഗ്നറ്റിക് ഉപകരണ സഹായത്തോടെയാണ് ഡെൻമാർകിൽ നിന്നുള്ള എൻജിനീയർമാർ സർവേ നടത്തുന്നത്. 500 മീറ്റർ വരെ താഴ്ചയിലുള്ള ദൃശ്യങ്ങൾ പരിശോധിക്കാൻ സൂക്ഷ്മ ശേഷിയുള്ളതാണ് കാന്തിക ഉപകരണം.

ഭൂമിയുടെ ഉപരിതലം, മണ്ണിന്റെ ഘടന, പാറക്കെട്ടുകൾ, ജലസ്രോതസുകൾ തുടങ്ങിയവ പരിശോധിക്കും. അടുത്ത മാസം ആറിന് കേരള പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതിന് മുമ്പേ ഹെലിപാഡിൽ സർവേ ഹെലികോപ്റ്ററിന് സൗകര്യം ഒരുക്കി നാടിന്റെ വികസന പ്രതീക്ഷകൾക്കൊപ്പം നിൽക്കുകയായിരുന്നു കോളജ് അധികൃതർ.

കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ-റയിൽ) പദ്ധതിയിൽ ഉൾപെടുത്തിയാണ് കേരള സർകാർ തലശേരി - മൈസുറു തീവണ്ടിപ്പാത നിർമിക്കാൻ ലക്ഷ്യമിടുന്നത്. ബ്രിടീഷുകാർ സർവേ നടത്തിയ പാതയാണിത്. കണ്ണൂർ ജില്ലയിലെ തലശേരി, പാനൂർ, കോഴിക്കോട് ജില്ലയിലെ വാണിമേൽ വിലങ്ങാട്, വയനാട് ജില്ലയിലെ നിരവിൽപുഴ, തരുവണ, കല്പറ്റ, മീനങ്ങാടി, പുൽപ്പള്ളി വഴി കർണാടകയിൽ എച് ഡി കോട്ട, കടകോള, മൈസൂറിൽ എത്തുന്നതാണ് പാതയുടെ പുതിയ അലൈന്മെന്റ്. കുടക് ജില്ലയിലെ കുട്ട വഴിയാണ് നേരത്തെ ലക്ഷ്യമിട്ടതെങ്കിലും കുടകിൽ നിന്ന് എതിർപ്പ് ശക്തമായി.

വനമേഖലയിലൂടെ പാത പണിയുമ്പോഴും തീവണ്ടി ഗതാഗതം നടത്തുമ്പോഴും പഞ്ചിമഘട്ടത്തിൽ സംഭവിക്കുന്ന പാരിസ്ഥിതിക ആഘാതമാണ് കർണാടക വനംവകുപ്പ് ഉയർത്തുന്നത്. കർണാടകയിൽ 35, കേരളത്തിൽ 49 എന്നിങ്ങനെ വനമേഖലയിലൂടെയാണ് നിർദിഷ്ട പാത. നാഗർഹോളെ നാഷനൽ പാർക്, ബന്തിപ്പൂർ കടുവ സങ്കേതം, വയനാട് തോൽപ്പെട്ടി വന്യജീവി സങ്കേതം എന്നിവയുടെ സുരക്ഷയും പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു. ഇതിന് പരിഹാരമായി കേരളം മുന്നോട്ടുവെച്ച ഭൂഗർഭ പാത പദ്ധതി കർണാടക-കേരള ചീഫ് സെക്രടറിമാർ കൂടിയിരുന്ന് തത്വത്തിൽ അംഗീകരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേരളം സർവേ ആരംഭിച്ചത്.

എന്നാൽ ശാസ്ത്രീയ പിന്തുണയില്ലാത്ത ദുർബല തീരുമാനമാണതെന്നാണ് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ബന്ധപ്പെട്ട യോഗങ്ങളിൽ സർകാറിനെ അറിയിച്ചത്. ഇൻഡ്യൻ ഇന്സ്റ്റിറ്റ്യൂട് ഓഫ് സയൻസ്, വൈൽഡ് ലൈഫ് ഇന്സ്റ്റിറ്റ്യൂട് ഓഫ് ഇൻഡ്യ തുടങ്ങി ഏതെങ്കിലും സ്ഥാപനങ്ങളുടെ പഠന റിപോർടിന്റെ പിൻബലം ഇതിന് ആവശ്യമാണ്. തുരങ്ക പാത ഭൂമിയിലും ജനസ്രോതസുകളിലും സൃഷ്ടിക്കാവുന്ന പ്രത്യാഘാതം സംബന്ധിച്ച് വ്യക്തത വേണം. 5000 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇത് ഇരു സംസ്ഥാനങ്ങളും വഹിക്കും എന്നാണ് ചീഫ് സെക്രടറിതല ചർചയിലെ ധാരണ.


Keywords: News, Kerala, Karnataka, Railway, Railway Track, Top-Headlines, Thalassery, Kannur, Government, Kozhikode, Forest, Thalassery Mysuru Railway Network; Aerial Survey begins.
< !- START disable copy paste -->

Post a Comment

Previous Post Next Post