എടത്വ: (www.kvartha.com 04.11.2021) കാല്‍വഴുതി പമ്പാനദിയില്‍ വീണ അധ്യാപിക മരിച്ചു. തലവടി ചെത്തിപ്പുരയ്ക്കല്‍ ഗവ. എല്‍പി സ്‌കൂളിലെ അധ്യാപിക കെ ഐ സുനു (52) ആണ് മരിച്ചത്. തലവടി കൊടുന്തറയില്‍ തോമസിന്റെ (മുത്ത്) ഭാര്യയാണ്. ബുധനാഴ്ച പുലര്‍ച്ചെ 5.30ന് വീടിനു സമീപത്തെ കുളിക്കടവില്‍ ഇറങ്ങുന്നതിനിടയില്‍ കാല്‍വഴുതി വീണതാകാമെന്നാണ് പൊലീസ് പറയുന്നത്.
മൃതദേഹം നാലു കിലോമീറ്ററോളം ഒഴുകി തായങ്കരി ബോട് ജെടിക്കു സമീപം എത്തി. അതുവഴി വന്ന യാത്രാ ബോടിലെ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് മൃതദേഹം കരയ്‌ക്കെടുത്തത്. പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കാറുള്ള സുനു പാത്രം കഴുകാനായി വീടിനോടു ചേര്‍ന്നുള്ള പമ്പാനദിയില്‍ ഇറങ്ങാറുണ്ട്.
കഴിഞ്ഞദിവസം പാത്രം കഴുകുന്നതിനിടെ കാല്‍വഴുതി വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. സുനുവിനെ കാണാതായതിനെ തുടര്‍ന്നു വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്ന് രണ്ടു മണിക്കൂറോളം നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് തായങ്കരി ബോട് ജെടിക്കു സമീപം സ്ത്രീയുടെ മൃതദേഹം ഒഴുകി പോകുന്നതായുള്ള വിവരം ലഭിച്ചത്. മക്കള്‍: റോബിന്‍ തോമസ്, കെസിയ എലിസബത് തോമസ്. സംസ്‌കാരം പിന്നീട്.
കെ ഐ സുനുവിന്റെ മരണം കുട്ടികളെയും, അധ്യാപകരെയും കണ്ണീരിലാഴ്ത്തി. 15 വര്‍ഷമായി തലവടി ചെത്തിപ്പുരയ്ക്കല്‍ ഗവ. എല്‍പി സ്‌കൂളിലാണു സുനു ജോലി ചെയ്തിരുന്നത്. പ്രവേശനോത്സവത്തില്‍ സജീവമായി സുനു ടീചെര്‍ പങ്കെടുത്തിരുന്നുവെന്നു സഹപ്രവര്‍ത്തകനായ ജയശങ്കര്‍ പറഞ്ഞു.
വെള്ളം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായി കഴിഞ്ഞദിവസം സ്‌കൂളില്‍ നേരത്തെ എത്താമെന്നു പറഞ്ഞാണ് ടീചെര്‍ വീട്ടിലേക്കു മടങ്ങിയത്. പുതിയ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയെങ്കിലും അതില്‍ ജീവിച്ചു കൊതി തീരും മുന്‍പായിരുന്നു ടീചെറുടെ മരണം. എടത്വ പാണ്ടങ്കരി തലവടിയില്‍ വാടകയ്ക്കാണ് സുനുവിന്റെ ഭര്‍ത്താവിന്റെ കുടുംബം വര്‍ഷങ്ങളായി താമസിച്ചിരുന്നത്. അഞ്ചു മാസങ്ങള്‍ക്കു മുന്‍പാണ് സ്വന്തമായി വീട് വച്ചത്.
Keywords: Teacher Drowns Falling Into River, Alappuzha, News, Local News, Drowned, Death, Teacher, Dead Body, Police, Kerala.