SWISS-TOWER 24/07/2023

ലാളിത്യം മുഖമുദ്രയാക്കണം: കേരളത്തില്‍ നിലനില്‍ക്കുന്നത് കാട്ടാളഭരണമെന്നും കെ സുധാകരന്‍ എംപി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 24.11.2021) നേതൃനിരയിലുള്ളവര്‍ ലാളിത്യം മുഖമുദ്രയാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നേട്ടവും കോട്ടവും സ്വയം തിരിച്ചറിഞ്ഞ് അവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി ഭാരവാഹികള്‍ക്കും നിര്‍വാഹക സമിതി അംഗങ്ങള്‍ക്കുമായി നെയ്യാര്‍ഡാം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഡെവലപ് മെന്റ് സ്റ്റഡീസില്‍ കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാളിത്യം മുഖമുദ്രയാക്കണം: കേരളത്തില്‍ നിലനില്‍ക്കുന്നത് കാട്ടാളഭരണമെന്നും കെ സുധാകരന്‍ എംപി

സമൂഹത്തില്‍ സംഭവിക്കുന്ന മാറ്റം ഉള്‍കൊള്ളാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും കഴിയണം. സംഘടനാ രംഗത്ത് പുതിയ ശൈലിയും പുത്തന്‍ ഉണര്‍വും കൊണ്ടുവരാന്‍ പഠന കാംപുകള്‍ സഹായകരമാകും. കോണ്‍ഗ്രസ് യൂനിറ്റ് കമിറ്റികളെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നത്. താഴെത്തട്ടില്‍ പാര്‍ടി സംവിധാനം നിര്‍ജീവമാണ്. അതിനെ ചലനാത്മകമാക്കാനും ശക്തിപ്പെടുത്താനും കോണ്‍ഗ്രസ് യൂനിറ്റ് കമിറ്റികളിലൂടെ സാധിക്കുമെന്നും സുധാകരന്‍ പറഞ്ഞു. വിഭാഗീയതയും വ്യക്തിവൈര്യവും പാര്‍ടിക്ക് ഗുണം ചെയ്യില്ല. നാം ഐക്യത്തോടെ നീങ്ങിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

പാവപ്പെട്ടവര്‍ക്ക് ഏറെ സഹായകരമായിരുന്ന ഭക്ഷ്യകിറ്റ് വിതരണം നിര്‍ത്തലാക്കിയതോടെ ജനങ്ങള്‍ വലിയ ദുരിതത്തിലാണ്. പ്രളയക്കെടുതിയിലും രൂക്ഷമായ വില വര്‍ധനവിലും ജനങ്ങള്‍ നട്ടംതിരിയുന്നു. ഇന്ധനവില കുറയ്ക്കാത്ത അപൂര്‍വം സംസ്ഥാനം കേരളം മാത്രമാണ്.

കാട്ടാളഭരണത്തിനെതിരേ പോരാടാന്‍ ഏറ്റവും അനുയോജ്യമായ രാഷ്ട്രീയകാലാവസ്ഥ നിലവിലുണ്ട്. ഇന്ധനവില വര്‍ധനവിനെതിരെ നടത്തിയ പ്രക്ഷോഭവും മുല്ലപ്പെരിയാര്‍ സമരവുമൊക്കെ നല്ല ചലനമുണ്ടാക്കി. തുടര്‍ സമരങ്ങള്‍ ഉള്‍പെടെയുള്ള കാര്യങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച ചെയ്തു തീരുമാനിക്കുമെന്നു സുധാകരന്‍ പറഞ്ഞു.

പാര്‍ടി പ്രവര്‍ത്തകയായ അമ്മയില്‍ നിന്നു കുഞ്ഞിനെ ചതിയിലൂടെ വേര്‍പെടുത്തി ആന്ധ്രാപ്രദേശിലേക്കു കടത്താന്‍ പാര്‍ടിയും സര്‍കാരും ഒത്താശ ചെയ്ത കാട്ടാളഭരണമാണ് കേരളത്തില്‍ നിലനില്ക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഭരണകൂടത്തിനും പാര്‍ടിക്കുമെതിരേ കടുത്ത പോരാട്ടം നടത്തിയാണ് അനുപമ തന്റെ കുഞ്ഞിനെ വീണ്ടെടുത്തത്. രാജ്യത്തെപ്പോലും ഞെട്ടിച്ച ഈ ഇടപാടില്‍ മുഖ്യമന്ത്രി മുതല്‍ പാര്‍ടി സെക്രടെറിവരെ പങ്കാളികളാണ് എന്നതാണ് കേരളത്തിന്റെ ദുര്യോഗം. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി കുഞ്ഞിനെ കടത്തിയതില്‍ മുഖ്യപങ്കു വഹിച്ച ശിശുക്ഷേമസമിതി, ചൈല്‍ഡ് വെല്‍ഫയര്‍ കമിറ്റി എന്നിവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടെറിയുടെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കിയതും ഈ കാട്ടാള ഭരണമാണ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈസ് ചാന്‍സെലര്‍ക്ക് അതേ സര്‍വകലാശാലയില്‍ പുനര്‍നിയമനം കിട്ടുന്നത്. വിസി നിയമനത്തിനുള്ള സമയപരിധി 60 ആയിരിക്കെയാണ് 61 വയസായ വൈസ് ചാന്‍സെലറെ പ്രത്യുപകാരം എന്ന നിലയില്‍ നിയമിച്ചിരിക്കുന്നത്.

ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ മോഫിയ പര്‍വീണ്‍ എന്ന യുവതിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത് ആലുവ സിഐയുടെ ഗുരുതരമായ വീഴ്ചകള്‍ കൊണ്ടാണ്. ഉത്ര പാമ്പു കടിയേറ്റു മരിച്ചപ്പോള്‍ പരാതിയുമായി ചെന്ന മാതാപിതാക്കളെ ആട്ടിയോടിച്ചതും ഇതേ ഉദ്യോഗസ്ഥനാണ്.

ക്രമസമാധാനപാലന ചുമതലയില്‍ നിന്ന് ഇയാളെ മാറ്റി നിര്‍ത്തണമെന്ന ശുപാര്‍ശപോലും ആഭ്യന്തര വകുപ്പ് കാറ്റില്‍ പറത്തി. ആരോപണ വിധേയനായ സി ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സത്യാഗ്രഹം നടത്തുന്ന ബെന്നി ബെഹനാന്‍ എംപിക്കും അന്‍വര്‍ സാദത്ത് എംഎല്‍എക്കും കെപിസിസി എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

Keywords:  Simplicity should be the hallmark: K Sudhakaran MP says savage rule exists in Kerala, Kannur, News, KPCC, K. Sudhakaran, Inauguration, Politics, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia