ചേര്‍ത്തല: (www.kvartha.com 04.11.2021) തങ്കിക്കവലയില്‍ വാഹന അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കരുനാഗപള്ളി ചെറിയഴീക്കല്‍ വെള്ളനാതുരുത്തില്‍ ബാലകൃഷ്ണന്‍ (50), ഭാര്യ രാധാമണി (44), വിനീത് (20), സുധീഷ് (22), വിജീഷ (4), നിരഞ്ചന്‍ (2), ഡ്രൈവര്‍ രതീഷ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം.
ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ പോയി ബാലകൃഷ്ണന്റ പേരക്കുട്ടിയ്ക്ക് ചോറ് കൊടുത്ത ശേഷം തിരിച്ച് കരുനാഗപള്ളിയിലേയ്ക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. തങ്കിക്കവലയ്ക്ക് സമീപം വച്ച് വാഹനത്തിന്റെ മുന്‍ വശത്തുള്ള ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിടുകയായിരുന്നു. ഡിവൈഡറില്‍ ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്ത് വലതുവശത്തെ റോഡിലേയ്ക്ക് മൂന്ന് പ്രാവശ്യം മറഞ്ഞതിന് ശേഷമാണ് കാര്‍ നിന്നതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് ഓടിയെത്തിയ സമീപത്തുണ്ടായിരുന്ന ഓടോ റിക്ഷാ ഡ്രൈവര്‍മാരാണ് ആദ്യരക്ഷാപ്രവര്‍ത്തനം നടത്തിയത്. ചില്ല് തകര്‍ന്ന വശങ്ങളിലൂടെ രാധാമണിയും വിജീഷയും റോഡിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഞ്ച് ഓടോ റിക്ഷയിലായി ഏഴ് പേരെയും ചേര്‍ത്തല താലൂകാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാധാമണിയുടെ പരിക്ക് സാരമായതിനാല്‍ ആലപ്പുഴ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.