കണ്ണൂര്‍: (www.kvartha.com 05.11.2021) നവംബര്‍ ഒന്‍പത് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവരുടെ ടികെറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസുകള്‍ക്ക് ഡീസല്‍ സബ്‌സീഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു.
സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. ബസ് ഓണേഴ്സ് കോര്‍ഡിനേഷന്‍ കമിറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോടീസ് നല്‍കി. മിനിമം ചാര്‍ജ് 12 രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് ഒരു രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് മിനിമം ആറ് രൂപയും തുടര്‍ന്നുള്ള ചാര്‍ജ് 50 ശതമാനവും ആക്കുക, കൊറോണ കാലം കഴിയുന്നതുവരെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ടുവയ്ക്കുന്നത്.
ഇന്ധന വിലവര്‍ധന താങ്ങാവുന്നതിനും അപ്പുറമാണെന്നും യാത്രാനിരക്ക് വര്‍ധിപ്പിക്കണം എന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിനൊരുങ്ങുന്നത്. അനിശ്ചിതകാല സമരം ആരംഭിക്കുന്നത് മുതല്‍ ദിവസവും ഓരോ ജില്ലയില്‍ നിന്നുമുള്ള ബസുടമകള്‍ സെക്രടറിയേറ്റിന് മുന്നില്‍ റിലേ സത്യാഗ്രഹം നടത്തും
കൊറോണക്കാലത്ത് 12000 ബസുകള്‍ ഉണ്ടായിരുന്നിടത്ത് ഇന്നുള്ളത് ആറായിരം ബസുകള്‍ മാത്രമാണെന്നും ബസ് ഉടമകള്‍ പറയുന്നു. ഇനിയും ഈ രീതിയില്‍ മുന്നോട്ട് പോകാനാകില്ലെന്നും ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഉടമകള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമിറ്റി ഭാരവാഹികള്‍ കണ്ണൂരില്‍ പറഞ്ഞു.