മുംബൈ: (www.kvartha.com 01.11.2021) അന്താരാഷ്ട്ര ഒളിമ്പിക് കമിറ്റിയില്‍ അംഗമായ ആദ്യ ഇന്‍ഡ്യന്‍ വനിതയായ നിത അംബാനിയ്ക്ക് 59-ാം പിറന്നാള്‍. മനുഷ്യസ്നേഹിയായ വനിതാ ബിസിനസ് നേതാവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബിസിനസ് ലോകം.
1963 നവംബര്‍ 1 ന് മഹാരാഷ്ട്രയിലെ മുംബൈയിലാണ് നിത അംബാനി ജനിച്ചത്. നിത മുകേഷ് അംബാനി എന്നാണ് മുഴുവന്‍ പേര്. അവര്‍ റിലയന്‍സ് ഫൗന്‍ഡേഷന്‍, ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവയുടെ ചെയര്‍പേഴ്സണും സ്ഥാപകയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നോണ്‍ എക്സിക്യൂടീവ് ഡയറക്ടറുമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഭര്‍ത്താവ്.
ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് ക്രികെറ്റ് ടീം മുംബൈ ഇന്‍ഡ്യന്‍സിന്റെ ഉടമയും ആര്‍ട് കളക്ടറുമാണ്. അന്താരാഷ്ട്ര ഒളിമ്പിക് കമിറ്റിയില്‍ (ഐ ഒ സി) അംഗമാകുന്ന ആദ്യ ഇന്‍ഡ്യന്‍ വനിതയെന്ന നേട്ടവും നിതയ്ക്കാണ്. ഗ്രാസ്റൂട് സ്പോര്‍ട്സിലെ നിതയുടെ സംരംഭങ്ങള്‍ക്ക് ഇന്‍ഡ്യന്‍ പ്രസിഡന്റില്‍ നിന്ന് 'രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ അവാര്‍ഡ് 2017' ലഭിച്ചു.
ടൈംസ് ഓഫ് ഇന്‍ഡ്യ നല്‍കുന്ന ഇന്‍ഡ്യന്‍ കായികരംഗത്തെ മികച്ച കോര്‍പറേറ്റ് സപോര്‍ടര്‍ക്കുള്ള അവാര്‍ഡ് അവര്‍ നേടിയിട്ടുണ്ട്. 2016-ല്‍ ഇന്‍ഡ്യാ ടുഡേയുടെ 'അമ്പത് ഉന്നതരും ശക്തരുമായ ഇന്‍ഡ്യക്കാരുടെ' ലിസ്റ്റിലും ഫോര്‍ബ്സിന്റെ 'ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ ബിസിനസ് നേതാക്കളുടെ' ലിസ്റ്റിലും നിത വന്നിട്ടുണ്ട്.