തിരുവനന്തപുരം: (www.kvartha.com 03.11.2021) സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തി. രാത്രി എട്ട് മണിക്കും 10 നും ഇടയില്‍ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി. രാത്രി 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. നിയന്ത്രണം ലംഘിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരും. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, കോടതികള്‍ എന്നിവയുടെ 100 മീറ്ററിനുള്ളില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്.
മലിനീകരണവും പൊടിപടലങ്ങളും കുറയ്ക്കുന്ന ഹരിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും അറിയിച്ചിട്ടുണ്ട്.
ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാത്രി 11.55 മുതല്‍ 12.30 വരെ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി.
2017ല്‍ പടക്കങ്ങള്‍ പൂര്‍ണമായും നിരോധിച്ചതിന് പിന്നാലെ ആഘോഷ വേളകളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നവയാണ് ഹരിത പടക്കങ്ങള്‍. സാധാരണ പടക്കങ്ങളെക്കാള്‍ 30% വായു മലീനികരണത്തോത് കുറഞ്ഞവയാണ് ഹരിത പടക്കങ്ങള്‍. ബേരിയം നൈട്രേറ്റില്ലാതെയാണ് ഇവയുടെ നിര്‍മാണം. ലിഥിയം, ആര്‍സെനിക്, ലെഡ് തുടങ്ങിയവയും ഹരിത പടക്കങ്ങളില്‍ അടങ്ങിയിട്ടില്ല.