Follow KVARTHA on Google news Follow Us!
ad

ടി20 ലോകകപില്‍ ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി; 22വര്‍ഷത്തില്‍ ഇതാദ്യം, ഇന്‍ഡ്യയുടെ സെമി സാധ്യത മങ്ങി

ദുബൈ: (www.kvartha.com 01.11.2021) ടി20 ലോകകപിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ഇന്‍ഡ്യ  പുറത്താകലിന്റെ വക്കിലാണ്. ന്യൂസീലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ എട്ട് വികെറ്റിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ ടി20 ലോകകപില്‍ ഇന്‍ഡ്യയുടെ സെമി സാധ്യതകള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 

Defeat in the first two matches of the T20 World Cup has dimmed India's chances of reaching the semi-finals


എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇനി ഇന്‍ഡ്യക്ക് സെമിഫൈനല്‍ കളിക്കാനാവൂ. പാകിസ്ഥാനില്‍ നിന്നേറ്റ 10 വികെറ്റ് തോല്‍വിയുടെ ക്ഷീണം മാറുന്നതിന് മുമ്പേയായിരുന്നു ഇന്‍ഡ്യക്ക് രണ്ടാമത്തെ തിരിച്ചടി. രണ്ടു മത്സരങ്ങളിലെയും ദയനീയ തോല്‍വി ഇന്‍ഡ്യയുടെ റണ്‍റേറ്റിനെയും ബാധിച്ചിട്ടുണ്ട്. 

22 വര്‍ഷത്തില്‍ ആദ്യമായാണ് ലോകകപിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്‍ഡ്യ തോല്‍ക്കുന്ന്. ഇതിനു മുമ്പ് 1999 ലോകകപ്പിലാണ് ഇന്‍ഡ്യ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടത്. ഇന്‍ഗ്ലന്‍ഡില്‍ നടന്ന ലോകകപില്‍ ദക്ഷിണാഫ്രികയും സിംബാബ് വെയുമാണ് അന്ന് ഇന്‍ഡ്യയെ തോല്‍പിച്ചത്. പിന്നീടുള്ള മൂന്ന് ലോകകപുകളിലും ഗ്രൂപ് ഘട്ടം കടക്കാനാവാതെ മടങ്ങിയെങ്കിലും ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടിരുന്നില്ല.

ഐ സി സി ടൂര്‍ണമെന്റുകളില്‍ ന്യൂസീലന്‍ഡിന് മുന്‍പില്‍ കാലിടറി വീഴുന്ന ചരിത്രമാണ് ഇന്‍ഡ്യക്കുള്ളത്. 2003 നു ശേഷം ഐ സി സി ടൂര്‍മെന്റുകളില്‍ ന്യൂസീലന്‍ഡിനെ തോല്‍പിക്കാനായിട്ടില്ലെന്നതിന്റെ തുടര്‍ചയാണ് കഴിഞ്ഞ ദിവസത്തെ ഇന്‍ഡ്യയുടെ മറ്റൊരു തോല്‍വി.

ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് മുതല്‍ തൊട്ടതെല്ലാം പിഴച്ച ഇന്‍ഡ്യയെ എട്ടു വികെറ്റിനാണ് ന്യൂസീലന്‍ഡ് തകര്‍ത്തുവിട്ടത്. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 10 വികെറ്റിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയ ഇന്‍ഡ്യയുടെ സെമി സാധ്യത ഇതോടെ മങ്ങി. ഇന്‍ഡ്യ മുന്നോട്ട് വെച്ച 111 റണ്‍സ് വിജയലക്ഷ്യം ന്യൂസീലന്‍ഡ് 33 പന്ത് ശേഷിക്കെ മറികടന്നു. 

ഇന്‍ഡ്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ താളം കണ്ടെത്താന്‍ വിഷമിച്ച പിചില്‍ അര്‍ധസെഞ്ച്വറിയുടെ വക്കിലെത്തിയ ഓപെനര്‍ ഡാരില്‍ മിചലാണ് ന്യൂസീലന്‍ഡ് വിജയം അനായാസമാക്കിയത്. തോല്‍വിയോടെ ഗ്രൂപിലെ മറ്റു ടീമുകള്‍ തമ്മിലുള്ള മത്സരങ്ങളില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇന്‍ഡ്യ സെമിയിലെത്തൂ. ആദ്യ ജയത്തോടെ ന്യൂസീലന്‍ഡ് സെമി പ്രതീക്ഷ സജീവമാക്കി. മൂന്നു മത്സരങ്ങള്‍ ജയിച്ച് ആറു പോയിന്റു നേടിയ പാകിസ്ഥാന്‍ സെമിഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. 

ടൂര്‍ണമെന്റിലെ ശേഷിക്കുന്ന ഗ്രൂപ് മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, സ്‌കോട്ലന്‍ഡ്, നമീബിയ എന്നിവരെ തോല്‍പിച്ചാലും ഇന്‍ഡ്യക്ക് സെമിയിലെത്താനുള്ള സാധ്യത തീര്‍ത്തും വിരളമാണ്. പാകിസ്താനാണ് ഗ്രൂപില്‍ ആറ് പോയിന്റോടെ ഒന്നാമത്. നാല് പോയന്റോടെ അഫ്ഗാന്‍ രണ്ടാം സ്ഥാനത്തുണ്ട്. 

രണ്ട് പോയന്റുള്ള കിവീസിന് പിറകില്‍ അതേ പോയന്റുള്ള നമീബിയയാണ് ഗ്രൂപില്‍ നാലാമത്. ഇന്‍ഡ്യയും സ്‌കോട്ലാന്‍ഡും പൂജ്യം പോയന്റുമായി അഞ്ചും ആറും സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്‍ ന്യൂസീലന്‍ഡിനോടു തോല്‍ക്കുക, ന്യൂസീലന്‍ഡിനെ സ്‌കോട്‌ലന്‍ഡും നമീബിയയും തോല്‍പിക്കുക തുടങ്ങി അത്ഭുതങ്ങള്‍ തന്നെ നടക്കണം ഇന്‍ഡ്യ സെമിയിലെത്താന്‍. 

Keywords: India, National, News, Sports, UAE, Dubai,World Cup,Cricket,Virat Kohli, Defeat in the first two matches of the T20 World Cup has dimmed India's chances of reaching the semi-finals

Post a Comment