തിങ്കളാഴ്ച രാവിലെ തളങ്കര നുസ്രത് നഗറിലെ ആളൊഴിഞ്ഞ പറമ്പിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സജിതിന്റെ മൃതദേഹം കാണപ്പെട്ടത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, പോസ്റ്റ് മോർടെം റിപോർട് വന്നതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് പരിസരത്തുള്ളവരിൽ നിന്നും തൊഴിലാളികളിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ഇവരിൽ നിന്ന് കിട്ടിയ സൂചനകളിലാണ് തിരുവനന്തപുരം സ്വദേശിയായ നസീറിന്റെ മേൽ പൊലീസ് അന്വേഷണം എത്തുന്നത്. തളങ്കരയിൽ സജിത് താമസിച്ചിരുന്ന ഒറ്റമുറി വീടിന്റെ സമീപത്തുതന്നെയാണ് നസീറും താമസിച്ചിരുന്നത്. പിന്നീട് അന്വേഷണങ്ങൾ നസീറിനെ കേന്ദ്രീകരിച്ചായി. ഒടുവിൽ മംഗ്ളൂറിൽ നിന്ന് വരുന്നതിനിടയിൽ കുമ്പളയിൽ വെച്ച് ഇയാൾ പൊലീസ് പിടിയിലായി.
നസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഇതുസംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: 'മാസങ്ങൾക്ക് മുമ്പ് തമിഴ് നാട് സ്വദേശിയുടെ മൊബൈൽ ഫോൺ മോഷണം പോയി. പിന്നീട് പണവും നഷ്ടപ്പെട്ടു. ഇതിനെല്ലാം പിന്നിൽ സജിത് ആണെന്ന് ആരോപണമുണ്ടായിരുന്നു. നസീറാണ് മോഷണ കാര്യം പൊലീസിൽ വിളിച്ച് അറിയിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സജിത് മോഷണങ്ങൾക്ക് പിന്നിലല്ലെന്ന് വ്യക്തമായി.
ഈ സംഭവങ്ങളുടെ പേരിൽ സജിതും നസീറും തമ്മിൽ വൈരാഗ്യവും മാസങ്ങളോളം തർക്കങ്ങളും ഉണ്ടായി. സജിത് തന്നെ എന്തെങ്കിലും ചെയ്യുമോയെന്ന് നസീർ ഭയപ്പെട്ടിരുന്നു. കൃത്യം നടക്കുന്നതിനു മുൻപ് സജിതിന്റെ മുറിയിൽ സജിതടക്കം നാലുപേർ ഒരുമിച്ച് മദ്യപിച്ചു. തുടർന്ന് നടന്ന വാക്കുതർക്കത്തെ തുടർന്ന് നസീർ സജിതിനെ കത്തികൊണ്ട് വയറിൽ കുത്തി. അവിടെ നിന്ന് നസീർ ഓടി രക്ഷപ്പെട്ടു. പിന്നാലെ സജിതും ഓടിയെങ്കിലും ആളൊഴിഞ്ഞ പറമ്പിനടുത്തെത്തിയപ്പോൾ രക്തം വാർന്ന് മരണപ്പെട്ടു'.
വയറിന്റെ വലതുഭാഗത്ത് ഏഴ് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവേറ്റാണ് സജിത് മരിച്ചതെന്ന് പോസ്റ്റ് മോർടെം റിപോർടും വ്യക്തമാക്കുന്നു. കുത്തേറ്റ് യുവാവ് ഓടിയിരുന്നതായും മണിക്കൂറുകൾക്ക് ശേഷമാണ് മരണം സംഭവിക്കുന്നതെന്നും റിപോർടിലുണ്ട്.
ബുധനാഴ്ച രാവിലെ പത്തര മണിയോടെ നസീറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഉച്ചയോടെ സ്ഥലത്ത് പൊലീസ് തെളിവെടുപ്പിന് എത്തിച്ചു. ഇതിനിടെ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പ്രതി കാട്ടിക്കൊടുത്തു. ഇയാൾ കുടുംബാംഗങ്ങളുമായി ബന്ധമൊന്നും പുലർത്താറില്ലെന്നാണ് പൊലീസിന് മനസിലായത്. പോസ്റ്റ് മോർടെത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയ സജിതിന്റെ മൃതദേഹം പരിയാരം തെക്കേക്കര പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
Keywords: Kerala, Kasaragod, News, Top-Headlines, Police, Case, Murder, Robbery, Thalangara, Crime, Arrest, Enquiry, Death of young man; accused arrested.