ഇന്‍ഡ്യ, സ്വന്തം നിലയില്‍ വികസിപ്പിച്ചെടുത്ത 'ആത്മനിര്‍ഭര്‍ വാക്‌സിന്' ഒടുവില്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

 


ന്യൂഡെല്‍ഹി: (www.kvartha.com 03.11.2021) ലോകത്തിന്റെ വാക്‌സിന്‍ വിപണിയും ഫാര്‍മസിയുമായി അറിയപ്പെടുന്ന ഇന്‍ഡ്യ, സ്വന്തം നിലയില്‍ വികസിപ്പിച്ചെടുത്ത 'ആത്മനിര്‍ഭര്‍ വാക്‌സിന്' ഒടുവില്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. 

കേന്ദ്ര സര്‍കാര്‍ അഭിമാനമായി ചൂണ്ടിക്കാട്ടുന്ന ആദ്യ തദ്ദേശ വാക്‌സിന്‍ ആയ കോവാക്‌സിനാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരിക്കുന്നത്. ഡബ്ല്യുഎച്ച്ഒ അംഗീകാരം ലഭിക്കുന്നത് വാക്സിന്‍ എടുത്ത ശേഷം വിദേശയാത്രയ്ക്ക് തയാറെടുക്കുന്നവര്‍ക്കു ഗുണകരമാകും.

ഇന്‍ഡ്യ, സ്വന്തം നിലയില്‍ വികസിപ്പിച്ചെടുത്ത 'ആത്മനിര്‍ഭര്‍ വാക്‌സിന്' ഒടുവില്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

18 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്സിന്‍ ഉപയോഗിക്കാനാണ് അനുമതി. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്‌നികല്‍ അഡൈ്വസറി ഗ്രൂപാണ് കോവാക്‌സിന്റെ എമര്‍ജെന്‍സി യൂസേജ് ലിസ്റ്റിങ് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്. ബുധനാഴ്ച ചേര്‍ന്ന സംഘടനയുടെ ഉപദേശക സമിതി യോഗത്തിലാണ് ഇന്‍ഡ്യ ഏറെ നാള്‍ കാത്തിരുന്ന നിര്‍ണായക തീരുമാനം എത്തിയത്.

വാക്‌സിനുമായി ബന്ധപ്പെട്ട് നേരത്തേ പലവട്ടം പറഞ്ഞ കാര്യം തന്നെയാണ് ലോകാരോഗ്യ സംഘടന ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. ചില ഡേറ്റ കൂടി കിട്ടാനുണ്ടെന്ന്. ആവശ്യപ്പെട്ട ഡേറ്റ നല്‍കിയെന്ന മറുപടി ഭാരത് ബയോടെകും ആവര്‍ത്തിച്ചു. സ്വകാര്യ കമ്പനി മാത്രമല്ല, ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡികല്‍ റിസെര്‍ചിനു കീഴിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ കൂടി ശ്രമഫലമാണ് വാക്‌സിന്‍. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) ആണ് കൊറോണ വൈറസ് സ്‌ട്രെയിന്‍ നല്‍കിയത്. കോടിക്കണക്കിനു വാക്‌സിന്‍ ഡോസുകള്‍ ഇതിനകം തന്നെ കുത്തിവയ്ച്ചു കഴിഞ്ഞു.

ഏപ്രില്‍ 19 നാണ് അനുമതിയ്ക്കായി ഭാരത ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമര്‍പിച്ചത്. യുഎസ് വാക്‌സിനുകളായ ഫൈസര്‍, മൊഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍, ഓക്‌സ്ഫഡ് വികസിപ്പിച്ച കോവിഷീല്‍ഡ്, വാക്‌സെവിരിയ, ചൈനയുടെ സിനോവാക് എന്നീ വാക്‌സിനുകള്‍ക്കു മാത്രമാണ് നിലവില്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉള്ളത്. ചൈനയുടെ തദ്ദേശീയ വാക്‌സിന് പോലും അംഗീകാരം നല്‍കിയിട്ടും കോവാക്‌സിന് അനുമതി നിഷേധിക്കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വാക്‌സിന്‍ പരീക്ഷണ ഫലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതല്‍ വിവരങ്ങള്‍ സമര്‍പിച്ചിരുന്നു.

ഇന്‍ഡ്യയ്ക്കു പുറമേ, ഇറാന്‍, ഗയാന, മൗറീഷ്യസ്, മെക്‌സികോ, നേപാള്‍, പരാഗ്വേ, ഫിലിപ്പൈന്‍സ്, സിംബാബ് വെ എന്നീ രാജ്യങ്ങളാണ് കോവാക്‌സിന് നേരത്തെ അടിയന്തര ഉപയോഗാനുമതി നല്‍കിയത്. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഒമാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും അംഗീകാരം നല്‍കിയിരുന്നു. അമേരികയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോവാക്‌സിന് അംഗീകാരമില്ലാതിരുന്നത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.

Keywords:  Covaxin gets WHO approval for emergency use listing, New Delhi, News, Health, Health and Fitness, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia