Follow KVARTHA on Google news Follow Us!
ad

താഴ്ന്ന ജാതിയെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് ഇറക്കി വിട്ട സംഭവം; ദേവസ്വം മന്ത്രിയ്ക്ക് പിന്നാലെ യുവതിയെ വീട്ടിലെത്തി കണ്ട് മുഖ്യമന്ത്രി

CM Stalin meets Narikurava woman denied food in temple, announces welfare schemes#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com 05.11.2021) താഴ്ന്ന ജാതിയെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ കിടക്കകളും വളകളും വിറ്റ് ഉപജീവനം നടത്തുന്ന യുവതിയെ വീട്ടിലെത്തി കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. അനാചാരത്തിനെതിരെ പ്രതികരിച്ച അശ്വിനിയെന്ന യുവതിയെ അഭിനന്ദിക്കുകയും ഇവരുള്‍പെട്ട നരിക്കുറവര്‍ വിഭാഗത്തിന് തമിഴ്‌നാട് സര്‍കാര്‍ അഞ്ച് കോടിയോളം രൂപയുടെ പദ്ധതികളും പ്രഖ്യാപിച്ചു.

കഴിഞ്ഞ ആഴ്ചയായിരുന്നു ദേവസ്വം വകുപ്പിന് കീഴിലുള്ള സ്തലശയന പെരുമാള്‍ ക്ഷേത്രത്തില്‍ വച്ച് അശ്വിനിയ്ക്ക് ദുരനുഭവം നേരിട്ടത്. ചെങ്കല്‍പ്പേട്ട് ജില്ലയിലെ മാമ്മലപുരത്തെ ക്ഷേത്രത്തില്‍ നിന്നാണ് അശ്വിനിയെയും കുടുംബത്തെയും താഴ്ന്ന ജാതിക്കാരെന്ന് പറഞ്ഞ് ക്ഷേത്രഭാരവാഹികള്‍ ഇറക്കിവിട്ടത്. ക്ഷേത്രത്തില്‍ സര്‍കാര്‍ നല്‍കുന്ന അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയ അശ്വിനിയേയും ഒപ്പമുള്ളവരേയും ക്ഷേത്രജീവനക്കാര്‍ കമ്പ് കൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നുവെന്നാണ് ആരോപണം.

News, National, India, Chennai, Chief Minister, Temple, Social Media, Devaswom, Ministers, CM Stalin meets Narikurava woman denied food in temple, announces welfare schemes


ഈ സംഭവത്തിന് പിന്നാലെ സര്‍കാര്‍ വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തില്‍ തനിക്കും തന്റെ വിഭാഗത്തിലുള്ളവര്‍ക്കുണ്ടായ അപമാനത്തേക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായാണ് പ്രതികരിച്ചത്. അന്നദാനം നടക്കുന്ന സ്ഥലത്തേക്ക് കയറാന്‍ പോലും യുവതിയെ അനുവദിച്ചില്ലെന്നും ബാക്കിയുള്ള ഭക്ഷണം ക്ഷേത്രത്തിന് വെളിയിലേക്ക് നല്‍കുമെന്നായിരുന്നു ക്ഷേത്ര ജീവനക്കാരുടെ നിലപാടെന്നും യുവതി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു. ഈ വീഡിയോ വൈറലാവുകയും വിമര്‍ശനം ശക്തമാവുകയും ചെയ്തതിന് പിന്നാലെ ദേവസ്വം മന്ത്രി നേരിട്ടെത്തി യുവതിക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ യുവതിയുടെ വീട്ടിലെത്തിയത്. 

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ നടന്ന അന്നദാനത്തില്‍ അശ്വിനിക്കും ഒപ്പമുള്ളവര്‍ക്കും പ്രവേശനം നല്‍കിയതായി ദേവസ്വം കമീഷണര്‍ പി ജയരാമന്‍ മന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന പെരുമാള്‍ ക്ഷേത്ര സന്ദര്‍ശനത്തിലാണ് അശ്വിനിക്കൊപ്പം ദേവസ്വം മന്ത്രി ഭക്ഷണം കഴിച്ചത്. 

തമിഴ്‌നാട് സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഭാഗമായി 754 ക്ഷേത്രങ്ങളിലൂടെയാണ് സൗജന്യ അന്നദാനം നടക്കുന്നത്. അശ്വിനിയുടെ വീഡിയോ വൈറലായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ നേരിട്ട് ഇടപെടുകയായിരുന്നു. സംഭവത്തില്‍ ദേവസ്വം വകുപ്പില്‍ നിന്നും ക്ഷേത്ര ജീവനക്കാരില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരുന്നു. 

Keywords: News, National, India, Chennai, Chief Minister, Temple, Social Media, Devaswom, Ministers, CM Stalin meets Narikurava woman denied food in temple, announces welfare schemes

Post a Comment