ബെംഗ്‌ളൂറു: (www.kvartha.com 02.11.2021) കഴിഞ്ഞ ദിവസമാണ് സാന്‍ഡല്‍വുഡിനെ ഒന്നടങ്കം സങ്കടത്തിലാക്കി കന്നട സൂപെര്‍താരം പുനീത് രാജ്കുമാര്‍ അന്തരിച്ചത്. ഇതിന് പിന്നാലെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റ് പങ്കുവച്ചുവെന്ന സംഭവത്തില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. ബെംഗ്‌ളൂറു സൈബര്‍ ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പുനീതിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സംസ്ഥാനം മുഴുവന്‍ ദുഖം ആചരിച്ചുകൊണ്ടിരിക്കെ അസ്വാഭാവികമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ക്കൊപ്പം കമന്റിടുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
സുഹൃത്തിനൊപ്പം ബിയര്‍ ബോടില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും അതിനൊപ്പമുള്ള കമന്റുമാണ് ആരാധകരില്‍ രോഷം ഉണര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ പോസ്റ്റ് വൈറലായി. ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട് ബെംഗ്‌ളൂറു സിറ്റി പോലീസിനെ ടാഗ് ചെയ്ത് ട്വിറ്റെറിലിട്ടു. നിരവധി ആളുകള്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യമുന്നയിച്ചെത്തി. സോഷ്യല്‍മീഡിയയില്‍ രോഷപ്രകടനവുമായി ആരാധകര്‍ രംഗത്തെത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
പുനീത് രാജ്കുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലായി സംസ്ഥാനത്ത് മദ്യവില്‍പന നിരോധിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ സംഭവം.