ദത്തുവിവാദം; കുഞ്ഞിനെ ആന്ധ്രയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചു; ഇനി ഡി എന്‍ എ പരിശോധന

 


തിരുവനന്തപുരം: (www.kvartha.com 21.11.2021) അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ കുഞ്ഞിനെ ആന്ധ്രയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചു. കുഞ്ഞിനെ പാളയത്തെ സംരക്ഷണ കേന്ദ്രത്തിലാണ് ഇപ്പോള്‍ താല്‍കാലികമായി പാര്‍പിച്ചിരിക്കുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊടെക്ഷന്‍ ഓഫിസര്‍കാണ് കുട്ടിയുടെ സംരക്ഷണ ചുമതല. ദത്തിനു മുന്നോടിയായി താല്‍കാലികമായി സംരക്ഷിക്കാന്‍ ഏല്‍പിച്ച കുഞ്ഞിനെ ഡിഎന്‍എ പരിശോധനയ്ക്കാണ് ആന്ധ്രയില്‍ നിന്നും എത്തിച്ചത്.

ദത്തുവിവാദം; കുഞ്ഞിനെ ആന്ധ്രയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചു; ഇനി ഡി എന്‍ എ പരിശോധന

ആന്ധ്രപ്രദേശിലെ വിജയവാഡയിലുള്ള ദമ്പതികളെയാണു കുഞ്ഞിനെ സംരക്ഷിക്കാന്‍ ഏല്‍പിച്ചിരുന്നത്. ഇവരില്‍നിന്നു കുഞ്ഞിനെ ഏറ്റുവാങ്ങി ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരും ഉള്‍പെടുന്ന സംഘം കുഞ്ഞുമായി തിരുവനന്തപുരത്ത് എത്തി.

ഉദ്യോഗസ്ഥ സംഘത്തിന് കുഞ്ഞിനെ കൈമാറാന്‍ വിജയവാഡയിലെ ദമ്പതികള്‍ ആദ്യം വിസമ്മതമറിയിച്ചിരുന്നു. കോടതി നിര്‍ദേശിക്കാതെ കുഞ്ഞിനെ വിട്ടുനല്‍കുന്നതിലായിരുന്നു ദമ്പതികളുടെ ആശങ്ക. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റി അധികൃതര്‍ ഇവരെ ഫോണില്‍ ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയ ശേഷമാണു സമ്മതിച്ചത്. കുഞ്ഞുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും ആരോപണങ്ങളിലും ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു.

കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിക്കും. പരാതിക്കാരായ അനുപമ എസ് ചന്ദ്രന്‍, അജിത്ത് കുമാര്‍ എന്നിവരുടെ സാംപിളുകളും ശേഖരിക്കാനും നോടിസ് നല്‍കുമെന്നാണ് വിവരം. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററില്‍ പരിശോധന നടത്താനാണ് സിഡബ്ല്യുസിയുടെ ഉത്തരവ്. രണ്ടു ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും. അനുപമയുടെയും അജിത്തിന്റെയും കുഞ്ഞാണെന്നു തെളിഞ്ഞാല്‍ കോടതിയുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റിയുടെയും അനുമതിയോടെയാകും അവര്‍ക്കു വിട്ടു കൊടുക്കുക.

Keywords:  Anupama controversy: Baby adopted by Andhra couple brought to TVM, Thiruvananthapuram, News, Controversy, Child, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia