ബെന്‍ഗ്ലൂറു: (www.kvartha.com 03.11.2021) കന്നട നടന്‍ പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് ജിമ്മുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കര്‍ണാടക സര്‍കാര്‍. ജിമ്മുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പ്രതികരിച്ചു. ഹൃദയസംബന്ധമായ അടിയന്തര പ്രശ്നങ്ങള്‍ വരുമ്പോള്‍ അത് കൈകാര്യം ചെയ്യുന്നതിന് ജിം പരിശീലകരെ കാര്യപ്രാപ്തരാക്കണമെന്നടക്കമുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.
പുനീതിന്റെ മരണത്തിന് ശേഷം ജിമ്മിലെ അമിതമായ വര്‍കൗട്ടുകള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഒട്ടേറെ പേര്‍ പങ്കുവച്ചിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ ജിമ്മുകളെക്കുറിച്ച് തെറ്റായ നിഗമനത്തില്‍ എത്താന്‍ സാധിക്കുകയില്ല. കാര്‍ഡിയോളജിസ്റ്റുകളടക്കമുള്ള ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് ഒരു രൂപരേഖയുണ്ടാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഫസ്റ്റ് എയ്ഡ് നല്‍കാന്‍ ജിം പരിശീലകരെ കാര്യപ്രാപ്തരാക്കാനുള്ള നിര്‍ദേശങ്ങളും അതില്‍ ഉള്‍പെടുന്നുവെന്ന് മന്ത്രി പറഞ്ഞു.
ജിമ്മില്‍ വ്യായാമം ചെയ്തതിന് ശേഷമായിരുന്നു പുനീതിന് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം കുടുംബ ഡോക്ടറായ രമണ റാവുവിന്റെ ക്ലിനികിലെത്തി ചികിത്സ തേടിയിരുന്നു. പുനീതിന് അമിതമായ രക്തസമ്മര്‍ദമോ അസ്വാഭാവികമായ ഹൃദയമിടിപ്പോ ഉണ്ടായിരുന്നില്ലെന്ന് രമണ റാവു പറയുന്നു. എന്നാല്‍ ഇ സി ജിയില്‍ ചെറിയ വ്യതിയാനമുണ്ടായിരുന്നു.
തുടര്‍ന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി വിക്രം ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. അവിടെ എത്തിയപ്പോഴേക്കും പ്രശ്നങ്ങള്‍ ഗുരുതരമാവുകയും ഒടുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. വ്യായാമവുമായി പുനീതിന്റെ മരണത്തിന് യാതൊരു ബന്ധവുമില്ലെന്നും രമണ റാവു കൂട്ടിച്ചേര്‍ത്തു.
Keywords: After Puneeth Rajkumar’s death, Karnataka plans guidelines for gyms, Bangalore, Karnataka, Cine Actor, Dead, National, News.