അന്തിക്കാട്: (www.kvartha.com 09.11.2021) വവ്വാല്‍ റാഞ്ചിയതോടെ ഇളകി കടന്നലിന്റെ കുത്തേറ്റ് മരണവീട്ടില്‍ വന്നവരടക്കം 24 പേര്‍ക്ക് പരിക്ക്. പുത്തന്‍പീടികയില്‍ കുരുതുകുളങ്ങര ചാക്കോ, തണ്ടാശ്ശേരി അരുണ്‍, പത്ര ഏജന്റ് പടിഞ്ഞാറത്തല വിജോ, വെളുത്തേടത്ത് പറമ്പില്‍ പ്രിന്‍സ് യതീന്ദ്രദാസ് എന്നിവര്‍ക്കും മരണവീട്ടില്‍ വന്ന 20ഓളം പേര്‍ക്കുമാണ് കുത്തേറ്റത്. തിങ്കളാഴ്ച രാവിലെയാണ് പുത്തന്‍പീടിക ആയുര്‍വേദ ആശുപത്രി റോഡിലെ യതീന്ദ്രദാസിന്റെ വീട്ടുപറമ്പിലെ പ്ലാവിലെ ഭീമന്‍ കൂട് ഇളകിയത്.
വവ്വാല്‍ റാഞ്ചിയതോടെ കൂട് ഇളകി. ഇതുവഴി പോയ വയോധികനായ കുരുതുകുളങ്ങര ചാക്കോയെയാണ് ആദ്യം ആക്രമിച്ചത്. നിലവിളി കേട്ട് എത്തിയ വിജോ ചൂല്‍കൊണ്ട് കടന്നല്‍ക്കൂട്ടത്തെ അടിച്ചകറ്റി ചാക്കോയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കടന്നല്‍ക്കൂട്ടം വിജോയ്ക്ക് നേരെയും തിരിഞ്ഞു. കടന്നല്‍ വീണ്ടും ഇളകി വന്നതോടെ ചാക്കോ അടുത്തുള്ള കുളത്തിലേക്ക് ചാടി രക്ഷപ്പെട്ടു. വിജോ വീടിനുള്ളിലേക്ക് ഓടിക്കയറി വാതില്‍ അടച്ച് രക്ഷപ്പെട്ടു.
പിന്നാലെ പരിസരത്തെ മരണവീട്ടിലേക്ക് വന്നവരേയും കടന്നല്‍ ആക്രമിച്ചു. കുത്ത് കൊണ്ട എല്ലാവരും ഓടി രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലെ ആറ് പ്രാവുകള്‍ കടന്നലിന്റെ ആക്രമണത്തില്‍ ചത്തു. ശരീരത്തിന്റെ പലയിടത്തും കുത്തേറ്റ ചാക്കോയെ ആദ്യം പാദുവ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മരത്തിനു മുകളിലെ കൊമ്പിലാണ് ആറടിയോളം നീളത്തിലും വീതിയിലും ഏതാനും ദിവസം മുമ്പ് കൂട് പ്രത്യക്ഷപ്പെട്ടത്. കാട്ടുകടന്നല്‍ ഇനത്തില്‍പ്പെട്ട ഇതിന്റെ കൂട് നശിപ്പിക്കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെന്നും നടപടി ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.