നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് മറിഞ്ഞ് അപകടം; 25 കാരന്‍ മരിച്ചു, സുഹൃത്തിന്റെ നില ഗുരുതരം
Oct 31, 2021, 14:31 IST
വര്‍ക്കല: (www.kvartha.com 31.10.2021) നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് മറിഞ്ഞ് അപകടം. വാഹനമോടിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം. വര്‍ക്കല ഇടവ ചിറയില്‍ തെക്കേത്തൊടി വീട്ടില്‍ ആരിഫിന്റെയും സബീനയുടെയും മകന്‍ നബീല്‍ ശാ(25) ആണ് മരിച്ചത്. നബീലിനൊപ്പം മുന്‍ സീറ്റിലായിരുന്ന ഇയാളുടെ സുഹൃത്ത് വര്‍ക്കല ജനതാമുക്ക് എസ് എന്‍ നഗറില്‍ ശ്രീകുമാറിന്റെയും ഷീബയുടെയും മകന്‍ ശ്രീമോന്‍(22) ഗുരുതരാവസ്ഥയില്‍.
വെള്ളിയാഴ്ച രാത്രി എട്ടരയോടെ തിരുവാമ്പാടി റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മതിലിലിടിച്ചതോടെ വാഹനം ഓടിച്ചിരുന്ന നബീല്‍ ബ്രേക് ചവിട്ടുകയും ഒപ്പം ഹാന്‍ഡ് ബ്രേകിടുകയും ചെയ്യുകയായിരുന്നു. ഇതോടെ കാര്‍ തലകുത്തി മറിഞ്ഞാണ് അപകടമുണ്ടായത്.
നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍വച്ച് ശനിയാഴ്ച പുലര്‍ച്ച അഞ്ചോടെയാണ് നബീല്‍ ശാ മരിച്ചത്. സാരമായി പരിക്കേറ്റ ശ്രീമോന്‍ ഇതേ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സലാണ്. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന മാവേലിക്കര സ്വദേശി ജസ്സലിന് നിസ്സാര പരിക്കേറ്റു.
അതിനിടെ വാഹനാപകടം നടന്നിട്ടും പ്രദേശത്ത് മയക്കുമരുന്ന് വില്‍പനയും ഉപഭോഗവും കൂടുതലാണെന്ന പരാതിയുള്ളതിനാല്‍ പൊലീസ് എത്തി വാഹനപരിശോധന നടത്താതെ വണ്ടി മാറ്റാനാകില്ലെന്ന് നാട്ടുകാര്‍ നിലപാടെടുത്തു. തുടര്‍ന്ന് വര്‍ക്കല ഡി വൈ എസ് പി പി നിയാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വാഹനം പരിശോധിക്കുകയും ഒരു കുപ്പി മദ്യം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് വാഹനം പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.