മലപ്പുറം: (www.kvartha.com 29.10.2021) മലബാര്‍ സമര നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹ് മദ് ഹാജിയുടെ യഥാര്‍ഥ ചിത്രം കവര്‍ ചിത്രമാക്കി പുസ്തകം. നേരത്തെ ആഷിക് അബു പ്രഖ്യാപിച്ച 'വാരിയംകുന്നന്‍' എന്ന സിനിമയുടെ സഹ രചയിതാക്കളില്‍ ഒരാള്‍ കൂടിയായിരുന്ന തിരക്കഥാകൃത്തും ഗവേഷകനുമായ റമീസ് മുഹമ്മദ് ആണ് ഈ പുസ്തകവും രചിച്ചിരിക്കുന്നത്.
മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹ് മദ് ഹാജി സ്മാരക ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വാരിയംകുന്നന്റെ കൊച്ചുമകള്‍ ഹാജറയാണ് പുസ്തകം പ്രകാശനം ചെയ്തത്. 'സുല്‍താന്‍ വാരിയംകുന്നന്‍' എന്നാണ് ജീവചരിത്ര പുസ്തകത്തിന്റെ പേര്. ഇതിന്റെ കവര്‍ ഫോടോ ആയാണ് അദ്ദേഹത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്.
ചടങ്ങ് സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘ്പരിവാറിന്റെ ചരിത്ര പുസ്തകത്തില്‍ ഇടം കിട്ടാത്തതാണ് മലബാര്‍ സമരപോരാളികളുടെ നേട്ടമെന്നും ജനാധിപത്യത്തിന്റെ പുസ്തകത്തില്‍ അവരുടെ പേരുകള്‍ തങ്കലിപികളാല്‍ എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വാരിയംകുന്നത്തിന്റെ പിന്‍മുറക്കാരില്‍ ഉള്‍പെട്ട ഹാജറുമ്മ കാലികറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. പി ശിവദാസനില്‍നിന്ന് പുസ്തകം ഏറ്റുവാങ്ങി.
ടുഹോണ്‍ക്രിയേഷന്‍സ് മാനജിങ് ഡയറക്ടര്‍ സികന്ദര്‍ ഹയാതുല്ല അധ്യക്ഷത വഹിച്ചു. ഡോ. പി പി അബ്ദുല്‍ റസാഖ്, ഗ്രന്ഥകാരന്‍ റമീസ് മുഹമ്മദ്, ഡി സി സി പ്രസിഡന്റ് വി എസ് ജോയി, ഒ പി സുരേഷ്, വാരിയംകുന്നത്ത് ഹാജറ, എം എച് ജവാഹിറുല്ല എം എല്‍ എ, ഡോ. കെ എസ് മാധവന്‍, കുട്ടി അഹ് മദ് കുട്ടി, ടി പി അശ്‌റഫലി, മുഹമ്മദ് ശമീം, സമീര്‍ ബിന്‍സി എന്നിവര്‍ സംസാരിച്ചു. അഡ്വ. പി എം സഫറുല്ല സ്വാഗതവും മുഹമ്മദ് ലുക്മാന്‍ നന്ദിയും പറഞ്ഞു.
പത്തുവര്‍ഷമായി ബ്രിടനിലും ഫ്രാന്‍സിലുമായി വാരിയംകുന്നത്ത് കുഞ്ഞഹ് മദ് ഹാജിയുടെ ചരിത്രവുമായി ബന്ധപ്പെട്ട ഗവേഷണത്തിനൊടുവില്‍ ഫ്രഞ്ച് ആര്‍കൈവില്‍നിന്നാണ് ഫോടോ ലഭിച്ചതെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെട്ടു. 1922 ജനുവരി 24ന് ദി ഗാര്‍ഡിയന്‍ പത്രം പ്രസിദ്ധീകരിച്ചതാണ് ചിത്രം. നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്‍േറതെന്ന പേരില്‍ പ്രചരിക്കുന്നുണ്ട്. ആദ്യമായാണ് യഥാര്‍ഥ ചിത്രം പുറത്തുവരുന്നത്.
കോയമ്പതൂരില്‍നിന്നാണ് വാരിയംകുന്നം കുഞ്ഞഹ് മദ് ഹാജിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. അവര്‍തന്നെ ഈ പുസ്തകം പ്രകാശനം ചെയ്യണമെന്നത് തന്റെ ഒരു നിര്‍ബന്ധമായിരുന്നു. വല്യുപ്പാന്റെ ചിത്രം കണ്ടപ്പോള്‍ സന്തോഷത്തക്കാളേറെ സങ്കടമാണുണ്ടായത്. വല്യുപ്പാനെ കാണാന്‍ പറ്റിയതുതന്നെ തന്റെ ഭാഗ്യമാണെന്നാണ് കരുതുന്നതെന്ന് പുസ്തകം പ്രകാശനം ചെയ്യാനായി മലപ്പുറത്തെത്തിയ വാരിയംകുന്നന്റെ പേരമകള്‍ ഹാജറ പറഞ്ഞു. ഇത് രണ്ടാം തവണയാണ് കുഞ്ഞഹ് മദ് ഹാജിയുടെ പരമ്പരയില്‍പെട്ട ഹാജറ മലപ്പുറത്തെത്തുന്നത്. വാരിയംകുന്നന്റെ ചരിത്രം മുത്തച്ഛന്‍ പറഞ്ഞറിയാമെന്ന് ഹാജറ പറയുന്നു.
റമീസിന്റെ വാക്കുകള്‍:
എറ്റവും ഞെട്ടിച്ച മറ്റൊരു പ്രധാന രേഖയായിരുന്നു വാരിയംകുന്നന്‍ അമേരികയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയില്‍ എഴുതിയ ആ സന്ദേശം അന്നത്തെ അമേരികന്‍ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. അതു പോലെ ബ്രിടണ്‍, ഓസ്‌റ്റ്രേലിയ, ഫ്രാന്‍സ്, യു എസ് എ, കാനഡ, സിംഗപൂര്‍ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആര്‍കൈവുകളില്‍ വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും പരാമര്‍ശിക്കുന്ന ഒട്ടനവധി രേഖകളും ഫോടോകളും എല്ലാം കണ്ടെത്താന്‍ കഴിഞ്ഞു എന്നതും വളരെയധികം അഭിമാനമായി കരുതുന്നു. ഇതെല്ലാം വാരിയംകുന്നനും അദ്ദേഹത്തിന്റെ സമരവും എത്രമാത്രം അന്താരാഷ്ട്രശ്രദ്ധ കരസ്ഥമാക്കിയിരുന്നു എന്നതിന്റെ നേര്‍ചിത്രങ്ങളാണ്.
ഈ കണ്ടെത്തലുകളെല്ലാം ഇത്രയും കാലം ഞങ്ങളുടേത് മാത്രമായിരുന്നു. എന്നാല്‍ ഇനിയത് അങ്ങനെയല്ല. വാരിയംകുന്നത്ത് കുഞ്ഞഹ് മദ് ഹാജിയെ കുറിച്ച് ഞാന്‍ എഴുതിയ ജീവചരിത്രപുസ്തകത്തിലൂടെ ഈ രേഖകളെല്ലാം എല്ലാവരുമായും ഞങ്ങള്‍ പങ്കുവയ്ക്കുകയാണ്. 'സുല്‍താന്‍ വാരിയംകുന്നന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന്റെ മുഖചിത്രം വാരിയംകുന്നത്ത് കുഞ്ഞഹ് മദ് ഹാജിയുടെ യഥാര്‍ഥഫോടോ ആയിരിക്കും. അതെ, വാരിയംകുന്നന്റെ ഫോടോ മുഖചിത്രമാക്കി ആദ്യമായി ഒരു പുസ്തകം ഇറങ്ങുകയാണ്.