മഥുര: (www.kvartha.com 25.10.2021) ഓടോ റിക്ഷ ഡ്രൈവര്‍ക്ക് 3 കോടി രൂപയുടെ നോടീസ് അയച്ച് ആദായനികുതി വകുപ്പ്. ഉത്തര്‍പ്രദേശിലെ ബാകല്‍പുര്‍ സ്വദേശി പ്രതാപ് സിങ് എന്ന ഓടോ റിക്ഷ ഡ്രൈവര്‍ക്കാണ് പണം അടയാക്കാന്‍ നോടീസ് ലഭിച്ചത്. തുടര്‍ന്ന് യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.
സംഭവം വിശദീകരിച്ച് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മാര്‍ച് 15ന് ഇയാള്‍ സുവിധ കേന്ദ്രയില്‍ പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. തേജ് പ്രകാശ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിലാണ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഇയാള്‍ക്ക് സഞ്ജയ് സിങ് എന്നയാളില്‍ നിന്ന് പാന്‍കാര്‍ഡിന്റെ കളര്‍ ഫോടോ കോപി ലഭിച്ചു.
നിരക്ഷരനായതിനാല്‍ ഒറിജിനല്‍ പാന്‍കാര്‍ഡും ഫോടോ കോപിയും തിരിച്ചറിയാനായില്ലെന്നും ഇയാള്‍ പറഞ്ഞു. പിന്നീട് ഒറിജിനല്‍ പാന്‍ കാര്‍ഡ് ലഭിക്കാനായി മൂന്ന് മാസം അലഞ്ഞു. ഒടുവില്‍ ഒക്ടോബര്‍ 19ന് ഐടി വകുപ്പില്‍ നിന്ന് മൂന്ന് കോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഫോണ്‍ കോള്‍ വന്നപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് ബോധവാനാകുന്നത്.
തന്റെ പേരില്‍ ആരോ ആള്‍മാറാട്ടം നടത്തി ജി എസ് ടി നമ്പര്‍ സ്വന്തമാക്കി ബിസിനസ് നടത്തിയെന്നും 2018-19 കാലത്തെ വരുമാനം 43 കോടി രൂപയാണെന്നും ഐടി ഉദ്യോഗസ്ഥര്‍ ഇയാളെ അറിയിച്ചു. ഐടി ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇയാള്‍ പൊലീസിനെ സമീപിച്ചത്.