ന്യൂഡെല്‍ഹി: (www.kvartha.com 25.10.2021) മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ചര്‍ച്ചകള്‍ക്കായി കേരളം തയ്യാറകണം എന്നാണ് കോടതി വിമര്‍ശിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. മേല്‍നോട്ട സിമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണം. പ്രശ്‌നങ്ങള്‍ ഇരുസംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
മുല്ലപ്പെരിയാര്‍ പരിസരത്ത് ആളുകള്‍ ഭീതിയോടെ കഴിയുകയാണെന്നും ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണം എന്നാണ് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയില്‍ അറിയിച്ചത്. 2019-ലെ പോലെ ജലനിരപ്പ് നിലനിര്‍ത്താന്‍ ഉത്തരവുണ്ടാകണമെന്നും സര്‍കാര്‍ കോടതിയോട് അപേക്ഷിച്ചു. എന്നാല്‍ ജലനിരപ്പ് താഴ്‌ത്തേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി പറഞ്ഞു.
എന്നാല്‍ ജലനിരപ്പ് 139 അടിയാക്കാനുള്ള അടിയന്തിര സാഹചര്യം ഇല്ലെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെവരെ ജലനിരപ്പ് 137.2 ആണ്. വിഷയത്തില്‍ മേല്‍നോട്ട സമിതിയുമായി ആലോചിച്ച് ജലനിരപ്പ് എത്ര അടിയാക്കി നിര്‍ത്തണമെന്ന് തീരുമാനിക്കണം.
അതേസമയം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയാണ് ഈ പ്രശ്‌നങ്ങള്‍ തീരുമാനിക്കേണ്ടത്. അങ്ങിനെ തീരുമാനമെടുത്താല്‍ കോടതിക്ക് ഇത്തരം വിഷയങ്ങളില്‍ ഇടപെടേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയോട് കോടതി നിലവിലെ സ്ഥിതിഗതികളുടെ റിപോര്‍ട് ആവശ്യപ്പെട്ടിട്ടുണ്ട്.
തല്‍സ്ഥിതി റിപോര്‍ട് മനസിലാക്കിയ ശേഷമായിരിക്കും കോടതി വിഷയത്തില്‍ തീരുമാനമെടുക്കുക. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.