പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍കാരിന് തിരിച്ചടി; വിദഗ്ദ്ധസമിതിയെ അന്വേഷണത്തിന് നിയോഗിച്ച് സുപ്രീം കോടതി

 



ന്യൂഡെല്‍ഹി:(www.kvartha.com 27.10.2021) പെഗസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയുമടക്കം നൂറുകണക്കിന് പ്രമുഖരുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെക്കുറിച്ച് വിദഗ്ദ്ധസമിതി അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പെഗസസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സമര്‍പിക്കപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. വിദഗ്ധ സമിതി കേന്ദ്ര സര്‍കാര്‍ രൂപീകരിക്കാം എന്ന ആവശ്യം സുപ്രീം കോടതി തള്ളി.

നാഷണല്‍ ഫോറന്‍സിക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ നവീന്‍ കുമാര്‍ ചൗധരി, കൊല്ലം അമൃതവിശ്വവിദ്യാപീഠത്തിലെ പ്രൊഫസര്‍ ഡി പ്രഭാകരന്‍, ബോംബേ ഐ ഐ ടിയിലെ ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തേ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെ വിദഗ്ദ്ധ സമിതിക്ക് പിന്തുണ നല്‍കാനായി സുപ്രീം കോടതി നിയോഗിച്ചിട്ടുണ്ട്. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന് വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ മേല്‍നോട്ടം വഹിക്കും. 

പെഗസസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട ഏഴ് വിഷയങ്ങളാവും വിദഗ്ദ്ധ സമിതി അന്വേഷിക്കുക. കേന്ദ്രസര്‍കാര്‍ സമിതിയുമായി സഹകരിക്കണമെന്നും സുപ്രീം കോടതി വിധിയിലുണ്ട്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. 

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍കാരിന് തിരിച്ചടി; വിദഗ്ദ്ധസമിതിയെ അന്വേഷണത്തിന് നിയോഗിച്ച് സുപ്രീം കോടതി


ഭരണഘടന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് കോടതി ശ്രമിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ല. ഈ കേസില്‍ ചില ഹര്‍ജിക്കാര്‍ പെഗസസിന്റെ നേരിട്ടുള്ള ഇരകളാണ്. വിവര സാങ്കേതികതയുടെ വളര്‍ച്ചക്കിടയിലും സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല എല്ലാ വ്യക്തികള്‍ക്കും സ്വകാര്യത അനിവാര്യമാണ്. ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കണോ എന്നത് സര്‍കാര്‍ ഗൗരവമായി പരിഗണിക്കണം. വിവാദത്തിന്റെ അടിവേരുകള്‍ കണ്ടെത്താന്‍ ഇവിടെ കോടതി നിര്‍ബന്ധിതമാകുന്നു. മൗലിക അവകാശങ്ങളിലേക്ക് കടന്നു കയറുന്ന നിയന്ത്രണങ്ങള്‍ ഭരണഘടന പരിശോധനക്ക് വിധേയമാകണമെന്ന് കോടതി പറഞ്ഞു. 

വിധി പ്രസ്താവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോടതി വിമര്‍ശനമുന്നയിച്ചു. സുരക്ഷയുടെ പേരും പറഞ്ഞ് എന്തും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും കേസുമായി ബന്ധപ്പെട്ട് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് കോടതിക്ക് കേന്ദ്രത്തില്‍ നിന്നും ലഭിച്ചതെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. 

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ദേശസുരക്ഷയുടെ പേരില്‍ സര്‍കാരിന് എന്തും ചെയ്യാന്‍ പറ്റില്ല. പെഗസസ് വിവാദത്തില്‍ വിദഗ്ദ്ധസമിതിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണം. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലാവും അന്വേഷണമെന്ന് വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു. എട്ട് ആഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

Keywords:  News, National, India, New Delhi, Allegation, Controversy, Supreme Court of India, Technology, Business, Finance, Cyber Crime, Pegasus Case: Centre's Vague Denial Not Sufficient, Probe Needed, Says Supreme Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia