കൊച്ചി: (www.kvartha.com 24.10.2021) പുരാവസ്തുവിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ കൈവശം തിമിംഗലത്തിന്റെ എല്ല് ഉള്ളതായും സംശയം. എട്ടടി നീളമുള്ള രണ്ട് എല്ലുകള്‍ വനംവകുപ്പ് പിടിച്ചെടുത്തു. കാക്കനാട്ടെ ഒരു വീട്ടില്‍ നിന്നാണ് മോന്‍സന്‍ മാറ്റിയ വസ്തുക്കള്‍ കണ്ടെത്തിയത്. എന്നാല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇതു സ്ഥിരീകരിക്കൂ. ക്രൈംബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
അതിനിടെ, മോന്‍സന്റെ മേകപ്മാന്‍ ജോഷിയും പോക്‌സോ കേസില്‍ അറസ്റ്റിലായി. മോന്‍സന്‍ പീഡിപ്പിച്ച പെണ്‍കുട്ടി ജോഷിക്കെതിരെയും മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് അറസ്റ്റ്. മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലായി ഒരു മാസത്തോട് അടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിശ്വസ്തര്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കയാണ്. മാനേജര്‍ ജിഷ്ണു, ഡ്രൈവര്‍ ജെയ്‌സന്‍, ബോഡിഗാര്‍ഡ് മാത്യു, സഹായി സനീഷ് എന്നിവര്‍ ഇതുവരെ പുറത്തുവരാത്ത പല കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു.
കേസിലെ നിര്‍ണായക തെളിവായേക്കാവുന്ന പെന്‍ഡ്രൈവ് മോന്‍സന്റെ ആജ്ഞയനുസരിച്ച് നശിപ്പിച്ചെന്ന് ജിഷ്ണു പറഞ്ഞു. വഴിയില്‍ വാഹനത്തെ മറികടന്നവരെയടക്കം പലരെയും ഉപദ്രവിച്ചെന്ന് ബോഡിഗാര്‍ഡ് പറഞ്ഞു. മോന്‍സന്‍ പറഞ്ഞ് പറ്റിച്ചാണ് യുട്യൂബ് വിഡിയോകളില്‍ അവതാരകനാക്കിയതെന്ന് ജിഷ്ണു പറഞ്ഞു. തന്റെ കൈവശമുള്ളത് അമൂല്യ വസ്തുക്കളെന്ന് പറഞ്ഞു. അനിതാ പുല്ലയില്‍ മോന്‍സന്റെ തട്ടിപ്പുകള്‍ പലതും അറിഞ്ഞിരുന്നു. എന്നാല്‍ പലതും തുറന്ന് പറഞ്ഞിരുന്നില്ല.
മോന്‍സന്റെ നേതൃത്വത്തിലുള്ള കലിംഗാ കല്യാണ്‍ ഗ്രൂപില്‍ അടിമുടി ദുരൂഹതയാണെന്നും ഇവര്‍ പറയുന്നു. കലിംഗയിലെ ഐപ് കോശി മോന്‍സന്റെ ആളാണ്. മറ്റുള്ളവര്‍ മോന്‍സനെതിരെ വന്നാല്‍ കയ്യിലുള്ള ബോംബ് പൊട്ടിക്കും എന്നാണ് കോശി പറഞ്ഞത്. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും ഇതുവരെ കൂടെനിന്നതു ഗതികേട് കൊണ്ടാണെന്നും ഇവര്‍ പറയുന്നു.
Keywords: Monson Mavunkal's personal staff arrested Pocso case, Kochi, News, Arrested, Molestation, Seized, Complaint, Kerala.