ട്വന്റി20 ലോകകപില്‍ ഇന്‍ഡ്യയ്ക്കെതിരായ പാക് വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചു; വീഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെ കശ്മീരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസ്
Oct 27, 2021, 09:14 IST
ശ്രീനഗര്‍: (www.kvartha.com 27.10.2021) ദുബൈയില്‍വച്ച് നടന്ന ട്വന്റി20 ലോകകപില്‍ ഇന്‍ഡ്യയ്ക്കെതിരായ പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും ആഘോഷിച്ച മെഡികല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കെതിരെ ജമ്മു കശ്മീരില്‍ കേസ്. പാകിസ്ഥാന്റെ വിജയമാഘോഷിക്കുന്നവരുടെ വീഡിയോകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് യു എ പി എ പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തത്.
വീഡിയോകളുടെ അടിസ്ഥാനത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്തതായി കശ്മീര്‍ ഐജി വിജയ് കുമാര്‍ സ്ഥിരീകരിച്ചു. ശ്രീനഗറിലെ സൗറ, കരണ്‍ നഗര്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസ് രെജിസ്റ്റര്‍ ചെയ്തതായി വ്യക്തമായിട്ടുണ്ട്. വീഡിയോകളും സമൂഹമാധ്യമത്തിലെ പോസ്റ്റുകളും മാത്രം അടിസ്ഥാനമാക്കിയല്ല കേസുകളെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
കശ്മീരിലെ ഒരു വനിതാ ഹോസ്റ്റെലില്‍ കോളജ് വിദ്യാര്‍ഥികള്‍ പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാകിസ്ഥാന്റെ വിജയമാഘോഷിച്ച വിദ്യാര്‍ഥിനികള്‍, ഇന്‍ഡ്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായും റിപോര്‍ടുണ്ട്.
അതിനിടെ, പാകിസ്ഥാന്റെ വിജയം ഇന്‍ഡ്യന്‍ മണ്ണില്‍വച്ച് ആഘോഷിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരങ്ങളായ വീരേന്ദര്‍ സേവാഗും ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു.
യുഎപിഎ പ്രകാരമുള്ള കേസുകളില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല. മാത്രമല്ല, കുറഞ്ഞത് അഞ്ച് വര്‍ഷത്തെ തടവുശിക്ഷയും ലഭിക്കാം. ഞായറാഴ്ച നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ 10 വികെറ്റിനാണ് ഇന്‍ഡ്യയെ തോല്‍പിച്ചത്. ലോകകപ് വേദികളില്‍ ഇന്‍ഡ്യയ്ക്കെതിരെ പാകിസ്ഥാന്റെ ആദ്യ വിജയമായിരുന്നു ഇത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.