കൊടുങ്ങല്ലൂര്‍: (www.kvartha.com 28.10.2021) എടവിലങ്ങില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ അമ്മാവന്‍ അറസ്റ്റില്‍. സിദ്ധാര്‍ഥ(52)നെയാണ് കൊടുങ്ങല്ലൂര്‍ ഡി വൈ എസ് പി സലീഷ് എന്‍ ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി സ്വദേശി ചക്കുംകേരന്‍ സുദര്‍ശനന്റെ മകള്‍ ആര്യ(21)യാണ് മരിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 26നാണ് ആര്യയെ ഭര്‍ത്താവ് ഷിജിന്‍ബാബുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മകളുടെ മരണവുമായി ബന്ധപ്പെട്ട് ആര്യയുടെ അച്ഛന്‍ സുദര്‍ശനന്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ഷിജിന്‍ബാബു, അമ്മ ഷീബ, അമ്മാവന്‍ സിദ്ധാര്‍ത്ഥന്‍, ഇയാളുടെ ഭാര്യ പ്രസന്ന എന്നിവര്‍ക്കെതിരെ സ്ത്രീധനപീഡനം, ആത്മഹത്യപ്രേരണ തുടങ്ങിയ വകുപ്പുകളനുസരിച്ച് കേസെടുക്കുകയായിരുന്നു.
ഈ കേസിലാണ് അമ്മാവനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ യുവതിയുടെ ഭര്‍ത്താവും അമ്മയും ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചതിനാല്‍ അറസ്റ്റ് ചെയ്യാനായിട്ടില്ല.