കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2021 ഒക്ടോബര്‍ 26 വരെ 17,51,852 പ്രവാസി മലയാളികളാണ് കോവിഡ് 19 ജാഗ്രതാ പോര്‍ടല്‍ പ്രകാരം തിരികെ എത്തിയിട്ടുള്ളത്. എന്നാല്‍ എയര്‍പോര്‍ട് അതോറിറ്റി ലഭ്യമാക്കുന്ന വിവരങ്ങള്‍ പ്രകാരം മെയ് 2020 മുതല്‍ ഒക്ടോബര്‍ 2021 വരെയുള്ള കാലയളവില്‍ കേരളത്തിലെ എയര്‍പോര്‍ടുകള്‍ വഴി 39,55,230 പേര്‍ വിദേശങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. തിരിച്ചുപോകാന്‍ ആഗ്രഹിച്ചവരില്‍ ഭൂരിഭാഗം പേരും തിരിച്ചുപോയിട്ടുണ്ട് എന്ന് ഈ കണക്കുകള്‍ പ്രകാരം കരുതാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നും വാലിഡ് പാസ്‌പോര്‍ട്, വാലിഡ് ജോബ് വിസ എന്നിവയുമായി തിരിച്ചെത്തി തിരികെപോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് 5,000/ രൂപ വീതം അടിയന്തിര ധനസഹായം സര്‍കാര്‍ അനുവദിച്ചിരുന്നു. ഇതനുസരിച്ച് 1,33,800 പേര്‍ക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച പ്രവാസികള്‍ക്ക് 10,000/ രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇത് നാളിതുവരെയായി 181 പേര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രവാസി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് കോവിഡ് രണ്ടാം തരംഗത്തില്‍ സര്‍കാര്‍ ധനസഹായമായി 1,000/ രൂപ വീതം 18,278 പേര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരിച്ചെത്തിയ പ്രവാസികളില്‍ 12.67 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നാണ് കോവിഡ് പോര്‍ടലിലെ കഴിഞ്ഞദിവസം വരെയുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴില്‍ സംരംഭക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും 2021 - 22 ലെ ബഡ്ജറ്റില്‍ 50 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.
കുടുംബശ്രീ വഴി രണ്ടു ലക്ഷം രൂപ പലിശരഹിത സംരംഭകത്വ വായ്പ നല്‍കി സാമ്പത്തിക സ്വാശ്രയത്വം നല്‍കുന്ന 'പ്രവാസി ഭദ്രത-പേള്‍', സഹകരണ സ്ഥാപനങ്ങള്‍ പ്രവാസി കോ-ഓപറേറ്റീവ് സൊസൈറ്റികള്‍ എന്നിവ മുഖേന അഞ്ചു ലക്ഷം രൂപവരെ സ്വയംതൊഴില്‍ വായ്പ നല്‍കുന്ന 'പ്രവാസി ഭദ്രത-മൈക്രോ', സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി കെ എസ് ഐ ഡി സി മുഖാന്തിരം 25 ലക്ഷം രൂപ മുതല്‍ രണ്ടു കോടി രൂപ വരെ 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന 'പ്രവാസി ഭദ്രത-മെഗാ' എന്നിങ്ങനെ തൊഴില്‍ സംരംഭകത്വ പദ്ധതികള്‍ 'പ്രവാസി പുനരധിവാസ ഏകോപന സംയോജന പദ്ധതി'യില്‍ ഉള്‍പെടുത്തി നടപ്പിലാക്കി വരുന്നു. ഇതിന് മൂലധന സബ്സിഡി, പലിശ സബ്സിഡി എന്നിവ നിബന്ധനകളോടെ ലഭ്യമാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരികെ എത്തിയ പ്രവാസികള്‍ക്ക് സര്‍കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പിന്തുണ നല്‍കുന്ന 'നോര്‍ക ഡിപാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിടേണ്‍ എമിഗ്രന്‍സ്' (NDPREM) പദ്ധതി വിപുലീകരിക്കുകയും പദ്ധതി വിഹിതം 2021-22 വര്‍ഷത്തില്‍ 24.4 കോടി രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. 30 ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പകള്‍ക്ക് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം രൂപ) നാലു വര്‍ഷത്തേക്ക് മൂന്നു ശതമാനം പലിശ സബ്സിഡിയും ഈ പദ്ധതി മുഖേന ലഭിക്കുന്നതാണ്.
സംരംഭകര്‍ക്ക് സര്‍കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേന വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ബാങ്ക് വായ്പ ലഭ്യമാക്കിവരുന്നു.
നാട്ടില്‍ മടങ്ങി എത്തിയവരില്‍ ഭവനവായ്പ ഉള്‍പെടെ മുടങ്ങുകയും ജപ്തി ഭീഷണി നേരിടുകയും ചെയ്യുന്ന പ്രവാസികളുടെ വിഷയവും പദ്ധതികള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ അനുഭാവ സമീപനം സ്വീകരിക്കണമെന്ന കാര്യവും സംസ്ഥാനതല ബാങ്കേഴ്സ് സമിതി മുമ്പാകെ ഉന്നയിക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരികെ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി 'നോര്‍ക സ്‌കില്‍ റിപോസിറ്ററി പദ്ധതി' എന്ന പേരില്‍ ഏകജാല സംവിധാനവും തൊഴില്‍ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനായി 'സ്‌കില്‍ അപ്ഗ്രഡേഷന്‍ ആന്‍ഡ് റീഇന്റഗ്രേഷന്‍ പദ്ധതി'യും നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവിലുള്ള വിദേശ റിക്രൂടിംഗ് സംവിധാനം ശക്തമാക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഒരു നൂതന സംരംഭം രൂപപ്പെടുത്തുന്നതിനും പോസ്റ്റ് റിക്രൂട്മെന്റ് സേവനങ്ങള്‍ക്കുമായി ഒരു പദ്ധതി വിഭാവനം ചെയ്യുകയും രണ്ടു കോടി രൂപ ഈ സാമ്പത്തിക വര്‍ഷത്തില്‍ ബഡ്ജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
മടങ്ങിവന്ന പ്രവാസികള്‍ സംസ്ഥാനത്ത് സര്‍കാര്‍ രേഖകള്‍ക്ക് അപേക്ഷിച്ചാല്‍ 15 ദിവസത്തിനകം അവ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിദേശത്തുനിന്ന് ശമ്പളവും മറ്റു ആനുകൂല്യവും ലഭിക്കാനുള്ളവര്‍ വിശദമായ അപേക്ഷയും ബന്ധപ്പെട്ട രേഖകളും നോര്‍ക്കകയുടെ ഇ-മെയിലില്‍ അയക്കുവാന്‍ പത്രമാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ഇപ്രകാരം ലഭ്യമായ അപേക്ഷകള്‍ യഥാസമയം ബന്ധപ്പെട്ട എംബസികളുടേയും വിദേശകാര്യ മന്ത്രാലയങ്ങളുടേയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Expatriate Rehabilitation Package; CM says that the proposal of Rs 2,000 crore will be submitted to the Central Government soon, Thiruvananthapuram, News, Chief Minister, Pinarayi vijayan, Malayalees, Kerala.